പുലിയെത്തേടി ചാലക്കുടിപ്പുഴ തീരം കേന്ദ്രീകരിച്ച് ഇന്നു സംയുക്ത പരിശോധന നടത്തും
1541637
Friday, April 11, 2025 1:38 AM IST
ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളേയും ഭീതിയിലാക്കിയ പുലിയെത്തേടി ഇന്ന് ചാലക്കുടി - വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനുകൾ സംയുക്ത പരിശോധന നടത്തും.
കഴിഞ്ഞ 30നുശേഷം പുലിയുടെ സാന്നിധ്യം അറിയിക്കുന്ന അടയാളങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നു വനം വകുപ്പ് വിശദീകരിച്ചു. ഇതിനാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന അടയാളങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനും ജനങ്ങളുടെ ഭീതിയകറ്റുന്നതിനും വേണ്ടി ചാലക്കുടിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചു വെട്ടുകടവ് മുതൽ വൈന്തല വരെയുള്ള ഭാഗങ്ങളിൽ പുഴയുടെ ഇരുകരകളിലും ചാലക്കുടി- വാഴച്ചാൽ ഡിവിഷനുകൾ സംയുക്തമായി പോലീസ്-ഫയർഫോഴ്സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തും.
ചാലക്കുടി മുനിസിപ്പാലിറ്റി - കാടുകുറ്റി പഞ്ചായത്ത് - മേലൂർ പഞ്ചായത്ത് എന്നിവയുടെ കീഴിൽവരുന്ന സ്ഥലങ്ങളിൽ എട്ടു ടീമായിട്ടാണ് തെരച്ചിൽ നടത്തുന്നത്. ഒരോ ടീമിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടാതെ രണ്ടു സായുധസേനാ അംഗങ്ങളുമടക്കം എട്ടു പേരാണ് ഉണ്ടായിരിക്കുക.
ഇന്നുരാവിലെ ഏഴിനു തെരച്ചിൽ ആരംഭിക്കും.