പേരാമ്പ്ര ചെറുകുന്നില്‍ ദേശീയപാത കരാര്‍ കമ്പനിയുടെ യാര്‍ഡില്‍ തീപിടിത്തം
1541636
Friday, April 11, 2025 1:38 AM IST
കൊടകര: പേരാമ്പ്രയില്‍ ദേശീയപാതയുടെ പണികള്‍ക്കുള്ള സാധനസാമഗ്രികള്‍ സൂക്ഷിച്ച യാര്‍ഡില്‍ തീപിടിത്തമുണ്ടായി. ചെറുകുന്ന് റോഡരികിലുള്ള യാര്‍ഡില്‍ പഴയ ബിറ്റുമിന്‍ സ്റ്റോറേജ് ടാങ്ക് ഗ്യാസ്കട്ടര്‍ ഉപയോഗിച്ചു മുറിച്ചു മാറ്റുന്നതിനിടയിലാണ് ഇന്നലെ ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്.
സ്ഥലത്തെത്തിയ അഗ്നിരക്ഷ പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ബിറ്റുമിന്‍ സ്റ്റോറേജ് ടാങ്കിലുണ്ടായിരുന്ന ടാറിന് തീപിടിച്ചതും ഇതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതുമാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയത്.
വെള്ളവും 500 ലിറ്ററോളം ഫോമും ഉപയോഗിച്ചാണ് പൂര്‍ണമായും തീ കെടുത്തിയത്. തീയണയ്ക്കാനാവശ്യമായ വെള്ളം യഥാസമയം അപ്പോളോ ടയര്‍ കമ്പനിയില്‍ നിന്ന് ലഭിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. തീപിടിത്തത്തില്‍ ആളപായം ഉണ്ടായില്ല.
ചാലക്കുടി, പുതുക്കാട് അഗ്നിരക്ഷാനിലയങ്ങലില് നിന്നായി മൂന്നു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി.ജി. ദിലീപ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.