ലഹരിക്കെതിരേ കായികലഹരി; അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ്
1539728
Saturday, April 5, 2025 1:40 AM IST
എടത്തിരുത്തി: നവകിരൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് എട്ടു മുതൽ 12 വരെയുള്ള തിയതികളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലഹരിക്കെതിരേ കായികലഹരി എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. കേരള പോലീസ്, ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ ആർമി, സിഐഎസ്എഫ് റാഞ്ചി, കൊച്ചിൻ കസ്റ്റംസ്, ഇൻകംടാക്സ് ചെന്നൈ എന്നീ ഡിപ്പാർട്ട്മെന്റ് ടീമുകൾ അഖിലേന്ത്യാമത്സരത്തിൽ മാറ്റുരയ്ക്കും. മുൻ ഇന്ത്യൻ വോളിബോൾ താരവും അർജുന അവാർഡ് ജേതാവുമായ സിറിൽ സി.വളളൂർ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും.
വിജയികൾക്ക് എലുവത്തിങ്കൽ വിൽസൺ മെമ്മോറിയൽ റോളിംഗ് ട്രോഫിയും മുനപ്പിൽ ശങ്കരനാരായണൻ മെമ്മോറിയൽ വിന്നേഴ്സ് സ്ഥിരം ട്രോഫിയും കുറ്റിപറമ്പിൽ അപ്പുക്കുട്ടൻ ആൻഡ് വനജ അപ്പുക്കുട്ടൻ റണ്ണേഴ്സ് സ്ഥിരം ട്രോഫിയും സമ്മാനിക്കും. മത്സരങ്ങൾ എട്ടിമണിക്ക് ആരംഭിക്കും. ക്ലബ് ഭാരവാഹികളായ എം.ആർ. പ്രശോഭിതൻ, പി.ആർ. അശോകൻ, എം.ആർ. സുനിൽകുമാർ, സാൽ ഭാസ്കർ, സതീഷ് കാട്ടൂർ, പ്രജോദ് പണിക്കശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.