പൈപ്പ്ലൈൻ വാൽവ് അശാസ്ത്രീയമായി തുറന്നു; ചീനിക്കടവിൽ പൈപ്പ്ലൈൻ റോഡ് തകർന്നു
1539410
Friday, April 4, 2025 1:50 AM IST
കണ്ണാറ: തൃശൂരിലേക്കുള്ള പൈപ്പ്ലൈൻ വാൽവ് അശാസ്ത്രീയമായി തുറന്നതു ചീനിക്കടവിൽ പൈപ്പ്ലൈൻ റോഡിന്റെ തകർച്ചയ്ക്കു വഴിയൊരുക്കി. അമൃത് പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച പൈപ്പ്ലൈനുകൾക്കു മുകളിലൂടെ ഇട്ടിരുന്ന മണ്ണ് പൂർണമായും ഒലിച്ചുപോയ നിലയിലാണ്. ഇതു പുഴയിലേക്കാണ് ഒലിച്ചിറങ്ങുക. റോഡ് തകർന്നതോടെ ഇതുവഴി വാഹനങ്ങൾക്കു കടന്നുപോകാനും കഴിയാതായി.
അറ്റകുറ്റപ്പണികളുടെ ഭാഗമായി പീച്ചി മുതൽ തൃശൂർ വരെ പലയിടങ്ങളിലായി പൈപ്പ്ലൈൻ വാൽവ് തുറന്നുവിടുന്നതു പതിവാണ്. എന്നാൽ റോഡിന്റെ തകർച്ചയ്ക്കു വഴിയൊരുക്കുന്ന നിലയിൽ റോഡിലേക്കു വെള്ളം തുറന്നുവിടുന്നതു ജനദ്രോഹമാണെന്നു നാട്ടുകാർ പറഞ്ഞു.
അമൃത് പദ്ധതിയുടെ ഭാഗമായി പുതുതായി പൈപ്പ്ലൈൻ സ്ഥാപിച്ചതോടെ പൈപ്പ്ലൈൻ റോഡുകൾ പൂർണമായും തകർന്നിരുന്നു. ഇതുമൂലം നാട്ടുകാർ ഏറെ യാത്രാക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അശാസ്ത്രീയമായി വാൽവ് തുറന്നുവിട്ട് റോഡ് പൂർണമായും തകർത്തത്. അധികൃതർ എത്രയുംവേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.