ടോൾപിരിവ് നിർത്താൻ കളക്ടർ ഇടപെടണം: ജോസഫ് ടാജറ്റ്
1539062
Thursday, April 3, 2025 1:33 AM IST
തൃശൂർ: അടിപ്പാതനിർമാണത്തെതുടർന്നു ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ടോൾപിരിവ് നിർത്തിവയ്ക്കാൻ ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിക്കാൻ കളക്ടർ തയാറാകണമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ഇതിനുമുന്പ് ഗതാഗതക്കുരുക്കുണ്ടായപ്പോൾ ജില്ലാ കളക്ടർമാർ മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതികതടസമുണ്ടെങ്കിൽ സംസ്ഥാനസർക്കാർ എൻഎച്ച്എഐയോട് ഇക്കാര്യം ആവശ്യപ്പെടണം. അവശ്യഘട്ടത്തിൽ ടോൾപിരിവ് സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യമുന്നയിച്ചു കളക്ടർ, പൊതുമരാമത്തുമന്ത്രി, എൻഎച്ച്എഐ സെക്രട്ടറി എന്നിവർക്കു കത്തുനൽകി.
സുരക്ഷാ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാതനിർമാണം തുടങ്ങിയത്. ബ്ലാക്ക് സ്പോട്ടുകളിലും കവലകളിലും പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാനുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങൾക്കു ഭംഗമുണ്ടാകുകയും ടോൾപിരിവ് തുടരുകയും ചെയ്യുന്നതു കരാർനിബന്ധനകളുടെ ലംഘനമാണ്.
നിർമാണം പൂർത്തിയാക്കാതെ ടോൾനിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. ഗതാഗതക്കുരുക്ക് കോടതിയുടെ ശ്രദ്ധയിലെത്തിക്കും. റോഡുകൾ പൊളിഞ്ഞതുകൊണ്ടും നിർമാണം പൂർത്തിയാക്കാത്തതിനാലും 20 ശതമാനം ടോൾനിരക്കു മാത്രമേ ഈടാക്കാവൂ എന്നു ജമ്മു-കാഷ്മീർ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനസർക്കാരിനു ഹൈക്കോടതിയെ അറിയിക്കാമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.