ജനറൽ ആശുപത്രിയിലെ മൾട്ടി ലെവൽ റോബോട്ട് പാർക്കിംഗ് ഉടൻ തുറക്കും
1539405
Friday, April 4, 2025 1:50 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പാർക്കിംഗ് ഇനി അടിമുടി മാറും. കോർപറേഷൻ ജനറൽ ആശുപത്രിയിലെ മൾട്ടി ലെവൽ റോബോട്ട് പാർക്കിംഗിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ടാഴ്ചയ്ക്കകം തുറന്നുനൽകാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ.
സ്ഥലപരിമിതിയെതുടർന്ന് വാഹന പാർക്കിംഗിനു ദുരിതം നേരിടുന്ന ആശുപത്രിയിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള പാർക്കിംഗ് സംവിധാനം ഒരുക്കിയത്. ഒരേസമയം 12 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം. സ്ട്രക്ചർ ഗ്ലാസ് സ്ലൈഡിംഗ് വർക്കുകൾ പൂർത്തീകരിച്ച സംവിധാനം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതികൂടി ലഭിക്കുന്നതോടെ പാർക്കിംഗിനായി തുറന്നുനൽകും.
നഗരത്തിൽ 10 ഇടങ്ങളിലാണ് കോർപറേഷൻ ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി എട്ടുകോടിയോളം രൂപയാണ് മുൻബജറ്റിൽ വകയിരുത്തിയിരുന്നത്. കോർപറേഷൻ ഓഫീസ് അങ്കണത്തിലാണ് ആദ്യം നിർമിച്ചതെങ്കിലും അംഗീകാരമുള്ള ഓപ്പറേറ്ററെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ തുറന്നുനൽകിയിട്ടില്ല. എന്നാൽ, ആശുപത്രിയിൽ ഉടൻതന്നെ തുറന്നുനൽകാനാകുമെന്ന പ്രതീക്ഷയും എൻജിനീയറിംഗ് വിഭാഗം പങ്കുവച്ചു.
മൾട്ടിലെവൽ പാർക്കിംഗ് ആരംഭിക്കുന്നതിനോടൊപ്പംതന്നെ പാർക്കിംഗിന്റെ പേരിൽ കൊള്ളപ്പിരിവ് നടത്തുന്ന കരാർജീവനക്കാരെ ഒഴിവാക്കി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നേരിട്ടു പാർക്കിംഗ് ഫീസ് പിരിക്കുന്ന നടപടികളിലേക്കും കടക്കുമെന്നു സൂപ്രണ്ട് ഡോ. താജ് പോൾ അറിയിച്ചു.