ചാലക്കുടി ദേശീയപാതയിൽ ഇന്നുമുതൽ പരീക്ഷണ ഗതാഗതപരിഷ്കാരം
1539712
Saturday, April 5, 2025 1:40 AM IST
ചാലക്കുടി: ചിറങ്ങര അടിപ്പാത നിർമാണത്തെതുടർന്ന് ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇന്നു വൈകീട്ട് നാലുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതപരിഷ്കാരം നടപ്പാക്കും.
പാതയിലെ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. പോലീ സ്, ആർടിഒ, ദേശീയപാത അഥോറിറ്റി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശമുണ്ട്.
വലിയ വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെ കടത്തിവിടും. ചെറു വാഹനങ്ങൾ താല്കാലികപാതയിലൂടെ വഴി പോകണം. തിരക്കുകൂടുതലുള്ള രാവിലെ ചാലക്കുടി ഭാഗത്തുനിന്നു വരുന്ന ചെറുവാഹനങ്ങൾ മുരിങ്ങൂർ അടിപ്പാത വഴി അന്നനാട്, കാടുകുറ്റി, പുളിക്കകടവ്, എരയാംകുടി വഴി അങ്കമാലിയിലേക്കു പോകണം. വൈകീട്ട് അങ്കമാലിയിൽനിന്നു ചാലക്കുടിയിലേക്കവരുന്ന വാഹനങ്ങൾ പൊങ്ങം, വെസ്റ്റ് കൊരട്ടി, വാളൂർ, തീരദേശ റോഡ്, കാടുകുറ്റി, അന്നനാട്, മുരിങ്ങൂർ വഴി പോകണം.
ചാലക്കുടി ഭാഗത്തുനിന്നു അങ്കമാലി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുരിങ്ങൂരിൽനിന്നു തിരിഞ്ഞ് മേലൂർ, പാലമുറി, കോനൂർ, നാലുകെട്ട്, പാലിശേരി, കറുകുറ്റി വഴി പോകണം.
പേരാന്പ്ര നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ചാലക്കുടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പോട്ട - ആളൂർ - കൊടകര വഴിയോ, നാടുകുന്നിൽ നിന്നുതിരിഞ്ഞ് ചെറുകുന്ന് - ആളൂർ - കൊടകര വഴിയോ പോകേണ്ടതാണ്. കൊടകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഗാന്ധി നഗർ സർവീസ് റോഡ് -വല്ലപ്പാടി കനകമല - പനന്പിള്ളി കോളജ് വഴി പോട്ടയിലെത്തി യാ ത്രതുടരണം.
റൂറൽ എസ്പി ബി. കൃഷ്ണകുമാർ, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓണ്ലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു.