തിരുവില്വാമലയിൽ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണംതട്ടി
1539719
Saturday, April 5, 2025 1:40 AM IST
തിരുവില്വാമല: വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് വ്യാജ സന്ദേശങ്ങൾ അയച്ച് ഒട്ടേറെപ്പേരുടെ പണംതട്ടി. ഇന്നലെ രാവിലെയാണ് സംഭവം. പന്തല്ലൂർ ജയരാമൻ, റിട്ടയേഡ് കൃഷിവകുപ്പ് ഉദ്യോഗസ്ഥനും അധ്യാപകനുമായ കെ. ജയപ്രകാശ് കുമാർ എന്നിവരുടെ നമ്പറുകളാണ് ഹാക്ക് ചെയ്തത്. ജയരാമന്റെ നമ്പറാണ് ആദ്യം ഹാക്ക് ചെയ്തത്. ഇതിൽനിന്ന് ജയപ്രകാശ് കുമാറിന് തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ട് ഒരു ലിങ്കും ഒടിപി നമ്പറും ലഭിച്ചു. ഇത് തിരിച്ചയച്ചതോടെ ജയപ്രകാശിന്റെ ഫോണും ഹാക്കായി.
തുടർന്നാണ് പണംതട്ടിപ്പിന്റെ തുടക്കം. ഹാക്ക് ചെയ്ത ഫോണുകളിലെ ലിസ്റ്റിലുള്ള നന്പറുകളിലേക്ക് സാമ്പത്തികസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. ജയരാമന്റെ നന്പറിൽനിന്ന് ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല, സുഹൃത്തിന് കൊടുക്കാനായി പതിനായിരം രൂപ വേണമെന്ന സന്ദേശമാണ് തിരുവില്വാമല ടൗണിലെ സുഹൃത്തിനു ലഭിച്ചത്. സംശയം തോന്നാതിരുന്ന സുഹൃത്ത് ഈ തുക അയച്ചു. പണം തികയില്ലെന്നും പതിനായിരം രൂപകൂടി വേണമെന്ന് സന്ദേശം വീണ്ടും ലഭിച്ചപ്പോൾ അതും അയച്ചു. മൂന്നാമതും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന സംശയം തോന്നിയത്. ഈ വിധത്തിൽ പലർക്കും ചെറുതും വലുതുമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്. സൈബർ സെല്ലിൽ പരാതി നൽകി.