അടിത്തറനിർമാണത്തിനായി കെട്ടിയ കോൺക്രീറ്റ് കമ്പികൾ അഴിച്ചുമാറ്റി
1539065
Thursday, April 3, 2025 1:33 AM IST
കൊരട്ടി: ചിറങ്ങരയിൽ അടിപ്പാതനിർമാണത്തിന്റെ ഭാഗമായി അങ്കമാലി ഭാഗത്തേക്കുള്ള പ്രധാന പാത കുത്തിപ്പൊളിച്ച് ബേസ്മെന്റ് പണികൾക്കായി കെട്ടിയ കോ ൺക്രീറ്റ് കമ്പികൾ അഴിച്ചുമാറ്റി. ചൊവ്വാഴ്ച വൈകീട്ട് ചിറങ്ങരയിൽ പരിശോധനയ്ക്കെത്തിയ എൻജിനീയറിംഗ് വിഭാഗം കമ്പികൾ കെട്ടിയതിലെ അപാകത കണ്ടെത്തിയതിനെതുടർന്നാണ് കോൺക്രീറ്റ് കമ്പികൾ അഴിച്ചുമാറ്റിയതെന്നാണ് സൂചന. ബേസ്മെന്റ് വർക്കുകളുടെ കോൺക്രീറ്റിംഗ് ജോലികൾ അവസാനഘട്ടത്തിലെത്തിനിൽക്കെയാണ് കൂടുതൽ തൊഴിലാളികളെ സ്ഥലത്തെത്തിച്ച് ധൃതിപിടിച്ച് കമ്പികൾ അഴിച്ചുമാറ്റിയത്.
നാഷണൽ ഹൈവേ അഥോറിറ്റിയുടെയും നിർമാണക്കമ്പനിയുടെയും വൈദഗ്ധ്യം ഉള്ള എൻജീനീയർമാരുടെയോ സൂപ്പർവൈസർമാരുടെയോ സാന്നിധ്യം പണി നടക്കുന്ന ഇടങ്ങളിൽ
ഉണ്ടാകുന്നില്ല എന്നതാണ് ഈവക പ്രശ്നങ്ങൾക്കു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധസ്വരങ്ങളുയർന്നപ്പോൾ സനീഷ്കുമാർ ജോസഫ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജനപ്രതിനിധികളായ പി.ജി. സത്യപാലൻ, വർഗീസ് പയ്യപ്പിള്ളി, പി.എസ്. സുമേഷ്, ലിജോ ജോസ് എന്നിവർ സ്ഥലത്തെത്തി. ഉത്തരവാദപ്പെട്ടവർ സ്ഥലത്തുണ്ടാകാതിരുന്നതിനാൽ പഞ്ചായത്ത് പ്രസിഡന്റ് എൻഎച്ച്എഐയുടെ പാലക്കാട് ഓഫീസുമായി ബന്ധപ്പെട്ടു. പ്രതിനിധിയെ അയയ്ക്കാമെന്ന് അവർ അറിയിച്ചു.
ആദ്യം തയാറാക്കിയ ഡ്രോയിംഗ് പ്രകാരമാണ് കമ്പി കെട്ടിയതെന്നും ഡ്രോയിംഗിൽ വരുത്തിയ മാറ്റമാണ് അഴിച്ചുമാറ്റാൻ കാരണമായതെന്നുമാണ് അധികൃതരുടെ വിശദീകരണം. രണ്ടു ഘട്ടങ്ങളിലായെത്തുന്ന എൻജിനീയറിംഗ് ടീം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷംമാത്രമേ കോൺക്രീറ്റിംഗ് ചെയ്യുകയുള്ളൂ എന്നാണ് പറയുന്നത്.