പീച്ചിയുടെ സമഗ്രവികസനം: ഡിപിആർ തയാറാക്കാൻ തീരുമാനമായി
1539403
Friday, April 4, 2025 1:50 AM IST
പട്ടിക്കാട്: പീച്ചി വിനോദസഞ്ചാരകേന്ദ്രത്തിന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ തീരുമാനമായി. പ്രാഥമികമായി 368 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനെ (കെഐഐഡിസി) തിരുവനന്തപുരത്തു ചേർന്ന ഉന്നതതലയോഗം ചുമതലപ്പെടുത്തി.
സ്ഥലം എംഎൽഎ കൂടിയായ റവന്യൂ മന്ത്രി കെ. രാജൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, കിഫ്ബി ജനറൽ മാനേജർ ഷൈല എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ഈമാസം 15നകം ഡിപിആർ ലഭ്യമാക്കി ധനമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേർന്നു തുടർനടപടികളിലേക്കു കടക്കും. സർക്കാർ ഫണ്ട്, കിഫ്ബി, പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) എന്നീ മൂന്ന് രീതിയിലായിരിക്കും പദ്ധതിക്കു വേണ്ട തുക കണ്ടെത്തുക. ഇതിൽ അഡിമിനിസ്ട്രേറ്റീവ് സംവിധാനങ്ങളുടെ നിർവഹണമായിരിക്കും സർക്കാർ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുക.
ഒമ്പതു സോണുകളിലാണ് പീച്ചിയുടെ സമഗ്രവികസനം നടപ്പിലാക്കുന്നത്. ഇതിൽ എട്ടാംസോണിന്റെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക.
നിലവിലെ പീച്ചി ഹൗസ് തനിമ നിലനിർത്തി നവീകരിക്കൽ, അതിഥിമുറികൾ, കിച്ചൺ, റസ്റ്റോറന്റ് എന്നിവയോടെ പുതിയ ബ്ലോക്കുകളുടെ നിർമാണം, പൂന്തോട്ടം എന്നിവയാണ് ആദ്യം പ്രാവർത്തികമാക്കുക. ഇതിനുള്ള പ്രത്യേക ഡിപിആർ അടിയന്തരമായി കെഐഐഡിസി തയാറാക്കി മേയ് മാസത്തിനുമുമ്പ് ഭരണാനുമതിക്കു സമർപ്പിക്കും. ഇതോടൊപ്പം മറ്റു ഘട്ടങ്ങളിലെ പ്ലാനിന്റെയും പ്രവർത്തനങ്ങളുടെയും വിശദപരിശോധനയും പഠനവും നടക്കും.