മീനമാസച്ചൂടിലും കുളിരായി കുരുന്നുകളുടെ കളിചിരികൾ
1539059
Thursday, April 3, 2025 1:33 AM IST
തൃശൂർ: മീനമാസച്ചൂടിലും കുളിരായി പെയ്തിറങ്ങി കുരുന്നുകളുടെ കളിചിരികൾ. ജവഹർ ബാലഭവന്റെ അവധിക്കാല ക്യാന്പായ കളിവീടിന് ആവേശോജ്വലമായ തുടക്കം.
തണൽവിരിച്ച പച്ചമരങ്ങൾക്കുകീഴെ പുതുസൗഹൃദങ്ങൾ തേടിയും മുൻവർഷങ്ങളിൽ കണ്ടുമറന്ന മുഖങ്ങൾ ഓർത്തെടുത്തും കുരുന്നുകൾ ഒന്നിച്ചതോടെ ബാലഭവനിൽ വീണ്ടും കളിചിരികളുടെയും പുതു ആരവമുയർന്നു. മേയ് 30 വരെ നീളുന്ന കളിവീട് വിനോദവും വിജ്ഞാനവും കുട്ടികൾക്കു സമ്മാനിക്കും. ഇതിനോടൊപ്പംതന്നെ, മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക, പുതിയ സൗഹൃദങ്ങൾ കെട്ടിപ്പൊക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് കുടുംബങ്ങൾ കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നത്. ആടിയും പാടിയും കുറേ ദിവസങ്ങൾ ആഘോഷമാക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് അവരുടെ സർഗവാസനകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും കളിവീട് സഹായിക്കും.
ഉദ്ഘാടകനായ പി. ബാലചന്ദ്രൻ എംഎൽഎ, കുഞ്ഞുണ്ണിമാഷിന്റെ ഒന്നായാൽ നന്നായി എന്ന കവിത പാടിയതോടെ അതേറ്റുപാടി കുരുന്നുകളും ഒപ്പംകൂടി. പിന്നീട് കുട്ടികൾക്ക് എംഎൽഎയും വിശിഷ്ടാതിഥികളും പലവർണങ്ങളിലുള്ള ബലൂണുകൾ സമ്മാനിച്ചു. കുട്ടിപ്പട്ടാളത്തിനു ലഡു നൽകി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും അവരുടെ മനം കവർന്നു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഡിവിഷൻ കൗണ്‍സിലർ റെജി ജോയ്, ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. അനീസ് അഹമദ്, കെഎഎസ് പ്രിൻസിപ്പൽ ഡോ. എ. അൻസാർ, ബാലഭവൻ സ്റ്റാഫ് പ്രതിനിധി ജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
അഞ്ചുമുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.