പുത്തൂര്‍ ഗവ. സ്കൂള്‍ വികസനം: മാസ്റ്റര്‍പ്ലാന്‍ തയാറായി
1538778
Wednesday, April 2, 2025 2:00 AM IST
പുത്തൂര്‍: ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിട വികസനവുമായി ബന്ധപ്പെട്ട അവലോകനം റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച പ്രവൃത്തി വൈകാതെ ആരംഭിക്കും.
നേരത്തെ രണ്ടുകോടി രൂപ ചെലവിട്ട് നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ മുകളില്‍ ഒരുനില കൂടി പണിയുന്നതിനാണ് എംഎല്‍എ ഫണ്ട് അനുവദിച്ചത്. ഇതിനുപുറമെ, അഞ്ചുകോടി രൂപ ചെലവിട്ട് മറ്റൊരു കെട്ടിടം നിര്‍മിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള ക്ലാസ് മുറികൾ കുറവാണ്.
നിലവില്‍ പുതിയതായി പണിതതും പണിയാന്‍ അനുമതിയായതുമായ കെ ട്ടിടങ്ങള്ക്ക് പുറമെ 26 ക്ലാസ് മുറികളുടെ ആവശ്യകതകൂടി യോഗത്തില്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ വിശദമായി ചര്‍ച്ചചെയ്തു. മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുവേണ്ടുന്ന എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് അധികൃതരെ യോഗം ചുമതലപ്പെടുത്തി. പഴയ കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുനീക്കിയും പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയും ആയിരിക്കും സ്കൂളിന്റെ വികസനം നടപ്പാക്കുക.
ആവശ്യമായ ക്ലാസ് മുറികളും ഓഫീസും ടോയ്ലറ്റ് കോംപ്ലക്സുകളും ഓപ്പണ്‍ സ്റ്റേജും ഓഡിറ്റോറിയവും കിച്ചണും അങ്കണത്തില്‍ ലാന്‍ഡ് സ്കേപ്പും ഉള്‍പ്പടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.
പുതിയ മാസ്റ്റര്‍ പ്ലാന്റെ പൂര്‍ത്തീകരണത്തിനു പൊതുജനപങ്കാളിത്തംകൂടി ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. നാട്ടുകാരുടെയും മുന്‍കാല അധ്യാപകരുടെയും യോഗം നാലിന് ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രാഥമിക ധാരണയുണ്ടാക്കും. പിന്നീട് വിപുലമായയോഗം ചേര്‍ന്ന് തീരുമാനത്തിലെത്തും.
പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സിനി പ്രദീപ്കുമാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.വി. സജു, പഞ്ചാത്ത് മെമ്പര്‍മാരായ സജിത്ത്, സനൂപ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടിനോ, പിടിഎ പ്രസിഡന്റ്് സുധീര്‍ കുണ്ടായി, എസ്എംസി ചെയര്മാന് പി.വി. സന്തോഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.