മാനസിക പീഡനവും അവഗണനയും; സ്പോർട്സ് കൗണ്‍സിൽ ട്രെയിനർക്കെതിരേ പരാതിയുമായി ചേറൂർ സ്വദേശിനി
1539711
Saturday, April 5, 2025 1:40 AM IST
സി.ജി. ജിജാസൽ
തൃശൂർ: ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കീഴിലുള്ള ജിംനേഷ്യം സെന്ററിലെ ട്രെയിനർക്ക് എതിരേ ഗുരുതര ആ രോപണവുമായി ചേറൂർ സ്വദേശിനി. മാനസികമായി പീഡിപ്പിക്കുന്ന ട്രെയിനർ ശരിയായ പരിശീലനം നൽകാതെ അവഗണിക്കുന്നതായും അനാവശ്യസ്പർശനം നടത്തുന്നതായുമാണ് പരാതി. വിഷയത്തിൽ ജില്ലാ സ്പോർട്സ് കൗണ്‍സലിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
എട്ടുമാസങ്ങൾക്കുമുൻപ് പരിശീലനത്തിനെത്തിയ താൻ നാലുമാസത്തോളമായി ഈ പ്രശ്നങ്ങൾ നേരിടുന്നതായി പരാതിക്കാരി പറഞ്ഞു. രണ്ടുതവണ പരാതി ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയിരുന്നു. മറുപടി ലഭിക്കാതായതോടെ വിവരാവകാശ കമ്മീഷനെ സമീപിക്കുകയും തുടർന്നു ലഭിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം സാമൂഹ്യപ്രവർത്തകൻ ആലത്ത് ഗോപി സംസ്ഥാന സ്പോർട്സ് കൗണ്‍സിലിനെ സമീപിക്കുകയും ചെയ്തു. ട്രെയിനർക്കെതിരേ നടപടി സ്വീകരിക്കാത്ത ജില്ലാ സ്പോർട്സ് കൗണ്‍സിലിനെതിരേയും നടപടി സ്വീകരിക്കുമെന്നു സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ മുന്നറിയിപ്പ് നൽകി. ഇതിനുശേഷം മാത്രമാണ് വിഷയത്തിൽ ജില്ലാ സ്പോർട്സ് കൗണ്‍സിൽ നടപടി സ്വീകരിക്കാൻ തയാറായത്.
ആരോപണവിധേയനായ ട്രെയിനറെ പരാതിക്കാരിക്കു പരിശീലനം നൽകുന്നതിൽനിന്നു മാറ്റിനിർത്തുമെന്നും എല്ലാവർക്കും തുല്യമായ പരിശീലനം നൽകുമെന്നും ജില്ലാ സ്പോർട്സ് കൗണ്‍സിൽ അറിയിച്ചുവെങ്കിലും, ഏതാനും ദിവസംമാത്രം പരിശീലകനെ മാറ്റിനിർത്തിയത് ഒഴിച്ചാൽ പിന്നീട് അതേ പരിശീലകൻതന്നെയാണ് പരിശീലനത്തിനു വരുന്നതെന്നുമാണ് പരാതി. കായികരംഗത്തു സജീവമായിട്ടുള്ള പരാതിക്കാരിക്കു തുടക്കക്കാർക്കു നൽകുന്ന പരിശീലനംമാത്രമാണ് ട്രെയിനർ നൽകുന്നത്. ഇത് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ നൽകിയ പരാതികളുടെ പേരിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായും ജാതീയമായി അധിക്ഷേപം നടത്തിയതായും പരാതിക്കാരി ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗണ്‍സിലിനു പരാതി നൽകിയതായി പരാതിക്കാരിയും സാമൂഹ്യപ്രവർത്തകനായ ആലത്ത് ഗോപിയും ദീപികയോടു പറഞ്ഞു.
എന്നാൽ, ആരോപണവിധേയനായ ട്രെയിനർക്കു പകരം മറ്റൊരു ട്രെയിനറുടെ സേവനം പരാതിക്കാരിക്കു നൽകിയിരുന്നതായി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അറിയിച്ചു. പുതിയ പരിശീലകന്റെ അഭാവത്തിൽ ഒരുപക്ഷേ പഴയ ട്രെയിനർ വന്നതാകാം. വിഷയത്തിൽ ഇരുകൂട്ടരെയും വിളിച്ച് വീണ്ടും ചർച്ച നടത്തുമെന്നും പുതിയ പരിശീലകന്റെ സേവനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.