പദ്ധതിപ്പണം ചെലവഴിക്കുന്നതിലും നികുതിപിരിവിലും കുതിച്ച് ഇരിങ്ങാലക്കുട നഗരസഭ
1539419
Friday, April 4, 2025 1:50 AM IST
ഇരിങ്ങാലക്കുട: പദ്ധതിപ്പണം ചെലവഴിക്കുന്നതിലും നികുതി പിരിവിലും കുതിച്ച് ഇരിങ്ങാലക്കുട നഗരസഭ. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് 2024-2025 സാമ്പത്തികവര്‍ഷത്തില്‍ 90 ശതമാനത്തിനു മുകളിലാണ് നഗരസഭ. 2023 -2024 സാമ്പത്തിക വര്‍ഷത്തില്‍ 70 ശതമാനം മാത്രം പദ്ധതിപ്പണം ചെലവഴിക്കാന്‍ കഴിഞ്ഞിടത്തുനിന്നാണ് 90 ശതമാനത്തിലേക്കുള്ള കുതിപ്പ്.
വികസനഫണ്ടിനത്തില് 84.53 ശതമാനവും, പ്രത്യേക ഘടകപദ്ധതി ഫണ്ടിനത്തില്‍ 78.16 ശതമാനവും കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രത്യേക ഉദ്ദേശഫണ്ടില് 99.29 ശതമാനവും അടിസ്ഥാന ഗ്രാൻഡ്് ഫണ്ടില്‍ 109.45 ശതമാനവുമാണ് ചെലവഴിച്ചത്. ജില്ലയിലെ നഗരസഭകളില്‍ പദ്ധതിപ്പണം ചെലവഴിച്ച ശതമാനക്കണക്കില്‍ മൂന്നാംസ്ഥാനത്തുള്ള ഇരിങ്ങാലക്കുട നഗരസഭ ഏറ്റവും കൂടുതല്‍ പദ്ധതിപ്പണം ചെലവഴിച്ചതില്‍ ഒന്നാംസ്ഥാനത്താണ്.
11 കോടി 65 ലക്ഷം രൂപയില്‍ 10 കോടി 44 ലക്ഷം രൂപയാണ് ഇരിങ്ങാലക്കുട നഗരസഭ 20242025 സാമ്പത്തികവര്‍ഷത്തില്‍ ചെലവഴിച്ചത്. നികുതി പിരിവിലും ഇരിങ്ങാലക്കുട നഗരസഭ ചരിത്രനേട്ടമാണ് കൈവരിച്ചത്. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് 82.23 ശതമാനം നികുതി പിരിച്ചെടുക്കുന്നത്. ഇക്കുറി നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ നൂറുശതമാനം നികുതി പിരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. നഗരസഭയിലെ ആറ്, 17 എന്നീ വാര്‍ഡുകളാണ് നൂറു ശതമാനം നികുതി പിരിച്ച് ചരിത്രനേട്ടം കൈവരിച്ചത്.