ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
1539717
Saturday, April 5, 2025 1:40 AM IST
ചാവക്കാട്: ദേശീയപാത 66 ബേബി റോഡിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.
മംഗലാപ്പുരത്ത് നിന്ന് സ്റ്റീൽ പൈപ്പുകൾ കയറ്റി കായംകുളത്തേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ അപകടകരമായ തലത്തിൽ റോഡിന്റെ വശങ്ങളിൽ കുഴികളും മറ്റും മൂടാതെ കിടക്കുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.
റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ കാസർഗോഡ് സ്വദേശി ഫാറസിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
ചെറിയ കഷണങ്ങളാക്കിയ മരത്തടികൾ കയറ്റിയ നിരവധി ലോറികൾ നിർമാണം നട ക്കുന്ന ദേശീയപാത വഴി കടന്നുപോകുന്നുണ്ട്. ഇതിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മൂന്നു ലോറികൾ മറിയുകയും ഏതാനും ലോറികൾ ചെരിയുകയും ചെയ്തു. റോഡിന്റെ അപാകതയും ലോറിയിലെ അമിതഭാരവുമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.