ക്രൈസ്തവർ പ്രത്യാശയുടെ തീർഥാടകരാകണം: മാർ താഴത്ത്
1539408
Friday, April 4, 2025 1:50 AM IST
പാലയൂർ: ക്രൈസ്തവർ പ്രത്യാശയുടെ തീർഥാടകരായി പിതാവിന്റെ ഭവനമായ സ്വർഗത്തിൽ എത്തിച്ചേരാനുള്ള ജീവിതനവീകരണം നടത്തണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ അഞ്ചു ദിവസമായി നടത്തിയ ബൈബിൾ കണ്‍വൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്. ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരാകണമെന്നു മാർപാപ്പ പറഞ്ഞതിനെ അനുസ്മരിച്ച്, ക്രൈസ്തവനാണെന്ന് ഉറക്കെ പറയാൻ മടിക്കരുത്. ക്രൈസ്തവനായതുകൊണ്ടാണ് ജബൽപുരിൽ പുരോഹിതർക്കു പീഡനമേൽക്കേണ്ടിവന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഗാഗുൽത്താ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബെന്നി പീറ്റർ വെട്ടിയ്ക്കനാംകുടിയുടെ നേതൃത്വത്തിലാണു കണ്വെൻഷൻ നടന്നത്. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണന്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ബൈബിൾ കണ്വെൻഷൻ ഫൊറോന ഇൻചാർജ് ഫാ. ലിവിൻ ചൂണ്ടൽ എന്നിവർ പ്രസംഗിച്ചു. കണ്വൻഷൻ കണ്‍വീനർ ജോയ് ചിറമ്മൽ, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ജനറൽ കണ്‍വീനർ തോമസ് ചിറമ്മൽ, ഫിനാൻസ് കണ്‍വീനർ പി.എ. ലാസർ, പിആർഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.