"വരമുറ്റം' ത്രിദിന ചിത്രകലാ ക്യാമ്പിനു തുടക്കമായി
1539068
Thursday, April 3, 2025 1:33 AM IST
കോടാലി: മാങ്കുറ്റിപ്പാടത്തുള്ള പുര ആര്‍ട്ട് കസേയില്‍ കുട്ടികള്‍ക്കായി വരമുറ്റം എന്ന പേരിലുള്ള അവധിക്കാല ചിത്രകല ക്യാമ്പിന് തുടക്കമായി. വരക്കാനുള്ള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രകൃതിസ്നേഹികളും സാമൂഹികപ്രതിബദ്ധതയുള്ളവരുമായി വളര്‍ത്താന്‍ ലക്ഷ്യമിട്ട് ചിത്രകാരിയും കൊടുങ്ങല്ലൂര്‍ പി. ഭാസ്കരന് സ്മാരക ഗവ. ഹൈസ്കൂള്‍ അധ്യാപികയുമായ പ്രിയഷിബു തന്റെ വീടിനോടുചേര്‍ന്നു സ്ഥാച്ചിട്ടുള്ള കലാഗൃഹമാണ് മാങ്കുറ്റിപ്പാടത്തുള്ള പുര ആര്‍ട്ട് കസേ.
നാട്ടുമാവുകള്‍ തണല്വിരിച്ചുനില്ക്കുന്ന പുരയുടെ അങ്കണത്തിലാണ് കുട്ടികള്‍ക്കായി ചിത്രകലക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നുദിവസം നീളുന്ന ക്യാമ്പില്‍ മുപ്പതോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ചിത്രകലയുടെ നിയതമായ രീതികള്‍ക്കപ്പുറത്ത് വീടിനകത്തും പുറത്തുമായി തങ്ങള്‍ കണ്ടതെന്തും പെന്‍സിലും ചാര്‍ക്കോളും ചായക്കൂട്ടുകളും ഉപയോഗിച്ച് ഭാവനക്കനുസൃതമായി കാന്‍വാസിലേക്ക് പകര്‍ത്താനുള്ള സ്വാതന്ത്യവും പ്രോത്സാഹനവുമാണ് ക്യാമ്പില്‍ ഓരോ കുട്ടിക്കും ലഭ്യമാവുന്നത്.
ചെറുപ്പം മുതലേ കലയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ജീവിതയാത്ര കുട്ടികളില്‍ ലക്ഷ്യബോധം സൃഷ്ടിക്കാനും ഇന്നത്തെ സമൂഹത്തില്‍ കാണുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് വഴിമാറി നടക്കാനും ഇത്തരം ക്യാമ്പുകള്‍ സഹായിക്കുമെന്ന തിരിച്ചറിവാണ് പുരയുടെ അങ്കണത്തില്‍ മൂന്നുദിവസം നീളുന്ന വരമുറ്റമൊരുക്കാന് തങ്ങളെ പ്രേരിപ്പിച്ചതതെന്നും ചിത്രകല ക്യാമ്പുകള്‍ പിന്തുടരുന്ന പരിചിതമായ ചട്ടക്കൂടുകളെ ഭേദിച്ച് സ്വതന്ത്രമായി വരയ്ക്കാനും പ്രകൃതിയെ നിരീക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണു ക്യാമ്പിന്റെ ലക്ഷ്യമെന്ന് ക്യാമ്പ് കോ-ഓഡിനേറ്റര്‍ നിശാന്ത് പറഞ്ഞു.
ശില്പികളും ചിത്രകാരന്മാരുമായ സജി നാരായണന്, വിജു ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം വരച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിയ ഷിബു അധ്യക്ഷത വഹിച്ചു. പി.എസ്.സുരേന്ദ്രന്, രഞ്ജിത് മാധവന്, വി.കെ. കാസിം, ദേവാംഗന എന്നിവര്‍ പ്രസംഗിച്ചു.