സുരേഷ്ഗോപി കൊരട്ടി പള്ളി സന്ദർശിച്ചു
1539713
Saturday, April 5, 2025 1:40 AM IST
കൊരട്ടി: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കൊരട്ടിമുത്തിക്ക് പൂവൻകുലയും പട്ടും മധുരവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി. മുട്ടിലിഴയൽ നേർച്ച നടത്തിയ അദ്ദേഹം കുറച്ചുനേരം അൾത്താരക്ക് മുന്നിൽ പ്രാർഥനാനിരതനായി. കഴിഞ്ഞ ഒക്ടോബറിൽ കൊരട്ടിമുത്തിയുടെ തിരുനാളിന് നേർച്ച നിവർത്തിക്കാനെത്തിയ മന്ത്രി മുനമ്പം നിവാസികൾ നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനായി മുത്തിയോടു പ്രാർഥിച്ചാണ് മുനമ്പത്തെ പന്തലിലേക്കു മടങ്ങിയത്. നീതി ലഭിച്ചാൽ വീണ്ടും മുത്തിയുടെ നടയിലെത്തുമെന്ന ഉറപ്പ് പാലിക്കാനാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ പള്ളിയിലെത്തിയത്. വഖഫ് ഭേദഗതി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പള്ളി സന്ദർശനം.
വികാരി ഫാ. ജോൺസൺ കക്കാട്ട്, ട്രസ്റ്റിമാരായ ജൂലിയസ് വെളിയത്ത്, ജോമോൻ ജോസ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. താന്‍ ഇനിയും കൊരട്ടിയിൽ വരുമെന്നും മുനമ്പത്തെ സമരത്തിൽ പങ്കെടുത്തവർക്ക് കൊരട്ടി മുത്തിയുടെ തിരുനടയില്‍വച്ച് ഒരുനേരത്തെ ഭക്ഷണം കൊടുക്കണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം വികാരിയെ അറിയിച്ചു. സൗകര്യമൊരുക്കാമെന്ന് വികാരി അറിയിച്ചു. ബിജെപി എറണാകുളം ജില്ല പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, കൊരട്ടി മണ്ഡലം പ്രസിഡന്റ് വി.സി. സിജു, ജനറല്‍ സെക്രട്ടറി എം.ജി. മനോജ്, ടി.വി. പ്രജിത്, ഗ്രാമപഞ്ചായത്ത് അംഗം പി.ജി. സത്യപാലന്, സജീവ് പള്ളത്ത് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.