നടവരമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി ശതസംഗമം 5, 6 തീയതികളില്‍
1539070
Thursday, April 3, 2025 1:33 AM IST
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ മഹാസംഗമം അഞ്ച്, ആറ് തീയതികളില്‍. അയ്യായിരത്തിലധികം പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും തുടര്‍ച്ചയായ എഴുപതോളം പത്താംക്ലാസ് വിദ്യാര്‍ഥി ബാച്ചുകളുടെ സംഗമം ലോക റിക്കാര്‍ഡായി അടയാളപ്പെടുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഞ്ചിന് രാവിലെ 9.15 ന് ഓരോ ബാച്ചിലേയും പ്രതിനിധികളുടെ ചങ്ങല സെല്‍ഫിയോടെയാണ് തുടക്കം. ലോക റിക്കാര്‍ഡിലേക്കുള്ള രജിസ്ട്രേഷന് ഉദ്ഘാടനം കേരള കലാമണ്ഡലം മുന്‍ വൈസ്ചാന്‍സലറും പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. ടി.കെ. നാരായണന് നിര്‍വഹിക്കും. പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി സി. അനൂപ് അധ്യക്ഷത വഹിക്കും. ഉച്ചതിരിഞ്ഞ് രണ്ടിനു തുടങ്ങുന്ന പൂര്‍വവിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ രാത്രി 10 വരെ തുടരും.
ആറിന് വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് സംബന്ധിക്കും. ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേളയും തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
രാവിലെ നടക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ ഏറ്റവും സീനിയറായ പൂര്‍വകാല അധ്യാപകര്‍ക്ക് സവിശേഷമായ ആദരം സമര്‍പ്പിക്കും. ശതസംഗമം 2025 എന്ന പേരില്‍ സ്മരണികയും പുറത്തിറക്കും.
ശതസംഗമം 2025 ചെയര്മാന് ഡോ. കെ.ടി. നാരായണന്, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പ്രദീപ് മേനോന്, ജനറല്‍ കണ്‍വീനര്‍ സി.ബി. ഷക്കീല, സെക്രട്ടറി സി. അനൂപ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബാലകൃഷ്ണന് അഞ്ചത്ത്, വേള്‍ഡ് റിക്കാര്‍ഡ് കമ്മിറ്റി ചെയര്മാന് സുധീപ് ടി. മേനോന്, സോവനീയര്‍ ചെയര്മാന് ശശി ചിറക്കല്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്.