നെടുപുഴ വനിതാ പോളി പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്യു
1539714
Saturday, April 5, 2025 1:40 AM IST
തൃശൂർ: വിദ്യാർഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ ഇൻസ്ട്രക്ടർക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിക്കുന്നതായി ആരോപിച്ച് നെടുപുഴ ഗവ. വനിതാ പോളിടെക്നിക്ക് പ്രിൻസിപ്പൽ വി.എ. ജ്ഞാനാംബികയെ കെഎസ്യു ഉപരോധിച്ചു.
അധ്യാപകനെതിരായ പരാതി പോലീസിനു നല്‍കിയില്ലെന്നു കെഎസ്യു കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനുനേരേ തട്ടിക്കയറിയ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചതോടെ അവരുമായും വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ്ചെയ്തു നീക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞദിവസം കോളജിൽ കോൺഗ്രസ് പ്രതിഷേധമുണ്ടായി. ആരോപണവിധേയനായ ഇൻസ്ട്രക്ടർ സ്ഥലംമാറിപ്പോയതായി അറിയിച്ചതോടെ പ്രവർത്തകർ മടങ്ങുകയായിരുന്നു.
ഇന്‍സ്ട്രക്ടറെ സസ്പെൻഡ് ചെയ്തു: പ്രിൻസിപ്പൽ
തൃശൂർ: ആരോപണവിധേയനായ ഇന്‍സ്ട്രക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ വി.എ. ജ്ഞാനാംബിക.
വിദ്യാർഥിനികളുടെ പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയില്ലെങ്കിലും കഴന്പുണ്ടെന്ന റിപ്പോർട്ടാണ് ഉന്നതാധികാരികൾക്കു നല്‍കിയത്. 29 വിദ്യാർഥിനികളാണു പരാതിക്കാർ. അവർക്കു പേടിയായതിനാലാണു പോലീസിൽ പരാതി നല്‍കാതിരുന്നത്. ഇനി പോലീസിൽ പരാതി നല്‍കും.
പരാതിക്കാരുടെ പേരുകൾ പുറത്തുവിടില്ലെന്ന് ഉറപ്പുനല് കിയാണ് ഇന്റേണൽ കംപ്ലെയ് ന്റ്സ് കമ്മിറ്റി (ഐസിസി) അന്വേഷണം നടത്തിയത്.
കുട്ടികൾ പറയുന്നതും അധ്യാപകൻ പറയുന്നതും കേട്ടു. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നാണു പരാതി. എത്രകാലമായി ഉപദ്രവം തുടങ്ങിയിട്ടെന്നു പരാതിയിലുണ്ടായിരുന്നില്ല. അവസാനഘട്ടത്തിലാണു വിദ്യാർഥിനികളുടെ പരാതി ലഭിച്ചതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.