വെൽഡിംഗ് പണിക്കിടെ ഭണ്ഡാരത്തിന് തീപിടിച്ചു
1538781
Wednesday, April 2, 2025 2:00 AM IST
ഗുരുവായൂർ: ക്ഷേത്രശ്രീകോവിലിന് സമീപത്തെ ഭണ്ഡാരത്തിൽ ഷീറ്റ് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനിടെ ഭണ്ഡാരത്തിന് തീപിടിച്ചു. ഉടൻതന്നെ ക്ഷേത്ര ജീവനക്കാർ വെള്ളം ഒഴിച്ച് തീകെടുത്തി. ഇന്നലെ ഉച്ചക്ക് 2.40 ഓടെയാണ് സംഭവം.
ശ്രീകോവിലിന് തെക്കുഭാഗത്തെ ഭണ്ഡാരത്തിൽ മഴയത്ത് ശ്രീകോവിലിൽ നിന്നുള്ള വെള്ളം വീഴാതിരിക്കുന്നതിന് ഷീറ്റ് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനിടെ ഭണ്ഡാരത്തിലേക്ക് തീപ്പൊരികൾ വീണാണ് കത്തിപ്പിടിച്ചത്. പുക ഉയരുന്നതുകണ്ടതോടെ ദേവസ്വം ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് ഭണ്ഡാരത്തിലേക്ക് കുട്ടകത്തിൽ വെള്ളം കൊണ്ടുവന്നൊഴിച്ചു. വിവരം അറിഞ്ഞ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ഷേത്രത്തിലെത്തി.
തുടർന്ന് തീപിടിച്ച ഭണ്ഡാരം തുറന്ന് പൈസ മാറ്റി. തീപിടിത്തത്തിൽ കത്തിയ നോട്ടുകളും നനഞ്ഞ നോട്ടുകളും കുട്ടകത്തിലാക്കി സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
പുറത്തെടുത്ത ഭണ്ഡാരത്തിലെ തുക ഇന്ന് ബാങ്ക് അധികൃതരെത്തി എണ്ണി തിട്ടപ്പെടുത്തും. ക്ഷേത്രത്തിലെ ഒന്നാം നമ്പർ ഭണ്ഡാരമാണ് തീപ്പൊരി വീണ് തീപിടിത്തമുണ്ടായത്. ഭ ണ്ഡാരം നിറഞ്ഞ നിലയിലായിരുന്നു. ഇന്നു മുതൽ ഭണ്ഡാരം എണ്ണൽ ആരംഭിക്കാനിരുന്നതാണ്.