കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെ വൻഗതാഗതക്കുരുക്ക്
1539411
Friday, April 4, 2025 1:50 AM IST
പട്ടിക്കാട്: ദേശീയപാതയിൽ കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെ ഇന്നലെ വൻഗതാഗതക്കുരുക്ക്. ഉച്ചകഴിഞ്ഞു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് കുരുക്ക് രൂക്ഷമായത്. കല്ലിടുക്കിൽ സർവീസ് റോഡ് തകർന്നതാണ് ഗതാഗതക്കുരുക്കിനു വഴിയൊരുക്കിയത്.
അടിപ്പാതനിർമാണം നടക്കുന്നതിനാൽ ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സർവീസ് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇതാണ് വൻഗതാഗതക്കുരുക്കിനു വഴിയൊരുക്കിയത്. ദേശീയപാത അധികൃതരെ വിവരം അറിയിച്ചപ്പോൾ നിർമാണക്കമ്പനിക്കാണ് ഉത്തരവാദിത്വമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടത് അവരാണെന്നും അറിയിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
കല്ലിടുക്കിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. നെന്മാറ വേലയുമായി ബന്ധപ്പെട്ട് നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോയിരുന്നത്. ഗതാഗതക്കുരുക്ക് യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്.