വൈദികർക്കും ക്രൈസ്തവവിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം: ബിഷപ്
1539415
Friday, April 4, 2025 1:50 AM IST
ഇരിങ്ങാലക്കുട: വൈദികർക്കും ക്രൈസ്തവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മധ്യപ്രദേശിലെ ജബല്‍പ്പുരില്‍ വൈദികർക്കും ക്രൈസ്തവര്‍ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ജബല്‍പ്പുരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമായി കരുതുന്നില്ല. നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യത്തോടെ ജീവിക്കുവാന്‍, സ്വതന്ത്രമായി ആരാധന നടത്തുവാന്‍ മതേതര ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു കഴിയണം. അതിനുള്ള സാഹചര്യം ഒരുക്കുവാന്‍ സര്‍ക്കാരുകള്‍ തയാറാകണം. ഭാരതത്തിന്റെ മതേതരത്വം സംരക്ഷിക്കുവാന്‍ സമൂഹ മനസാക്ഷി ഉണരണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ബിഷപ്സ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, ട്രസ്റ്റി സി.എം. പോള്‍, രൂപത കൗണ്‍സിലര്‍ വിനു ആന്റണി, ഓര്‍ഗനൈസര്‍ കെ.പി. നെല്‍സണ്‍, മുന്‍ രൂപത എക്സിക്യുട്ടീവ് ഡേവീസ് ഷാജു, മുന്‍ ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, ട്രഷറർ തോമസ് ജോസ്, വൈസ് പ്രസിഡന്റ് ആല്ബിന് സാബു, പ്രഫഷണല്‍ സിഎല്‍സി സെക്രട്ടറി ജോയ് പേങ്ങിപ്പറമ്പില്‍, ട്രഷറര്‍ ഫ്രാന്‍സീസ് കീറ്റിക്കല്‍, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, ഭാരവാഹികളായ ക്രിസ്റ്റോ മുരിങ്ങത്തുപറമ്പില്‍, ഡയസ് ഡി. തോട്ടാന്‍ എന്നിവര്‍ സംസാരിച്ചു.