കൊടുങ്ങല്ലൂർ ഭരണി മഹോത്സവം സമാപിച്ചു
1538770
Wednesday, April 2, 2025 2:00 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു. താലിസമർപ്പണം, വെന്നിക്കൊടി നാട്ടൽ, കുശ്മാണ്ഡ ബലി, ഭഗവതിക്ക് വരിയരിപ്പായസ നിവേദ്യ സമർപ്പണം എന്നിവയാണ് ഭരണിനാളായ ചൊവ്വാഴ്ച രാവിലെ നടന്നത്. മത്സ്യത്തൊഴിലാളികൾ പുലർച്ചെ മുതൽ വിവിധ സ്ഥലങ്ങളിൽനിന്നു വാദ്യമേളങ്ങളുടെയും താലങ്ങളുടെയും അകമ്പടിയിൽ ഘോഷയാത്രയായെത്തിയാണ് താലി സമർപ്പിച്ചത്. ക്ഷേത്രാങ്കണത്തെ വലംവച്ച് കിഴക്കേനടയിൽ താലം ചൊരിയലിനു ശേഷമായിരുന്നു താലി സമർപ്പണം.
പട്ടാര്യസമുദായത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലും വടക്കേ നടയിലും കുശ്മാണ്ഡ ബലിയും വടക്കേനടയിൽ വെന്നിക്കൊടി നാട്ടലും നടത്തി. പട്ടാര്യ സമുദായം രാവിലെ വിനായകപുരം വിഘ്നേശ്വര ക്ഷേത്രത്തിൽനിന്ന് വാദ്യമേളങ്ങളോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സമുദായം പ്രസിഡന്റ് പി.സജീവ്, സെക്രട്ടറി കെ.പി. അരുൺ, രവി കുണ്ടൂർ, പ്രേമൻ കാട്ടിൽ, രാജൻ പുള്ളിയാംപുള്ളിൽ, രതീഷ് മാളക്കാരൻ, രാഹുൽ തെക്കേടത്ത്, ഗീത കുണ്ടൂർ, സ്മിത സന്തോഷ് എന്നിവർ നേതൃത്വംനൽകി. ദേവസ്വം കമ്മീഷണർ സുനിൽ കർത്താ, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവർ സന്നിഹിതരായിരിന്നു.