പാർക്കിംഗിനു കൊള്ളപ്പിരിവ്; ജനറൽ ആശുപ്രതിയിലെ കരാർ ജീവനക്കാരെ ഒരാഴ്ചയ്ക്കകം മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട്
1538771
Wednesday, April 2, 2025 2:00 AM IST
തൃശൂർ: പാർക്കിംഗ് ഫീസിൽ കൊള്ളപ്പിരിവ് നടത്തുന്ന ജനറൽ ആശുപ്രതിയിലെ കരാർ ജീവനക്കാരെ ഒരാഴ്ചയ്ക്കകം മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ. ഇവർക്കെതിരെ ദിനംപ്രതി ഉയരുന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ആശുപത്രിയിൽ എത്തുന്ന രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും അമിത ഫീസ് ഈടാക്കുന്നതും, അത് ചോദ്യം ചെയ്യുന്നവരോട് മോശമായി പെരുമാറുന്നതും ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു രൂപയും മുച്ചക്ര വാഹനങ്ങൾക്ക് പത്തുരൂപയും നലുചക്രത്തിനു 15 രൂപയുമാണ് ഈടാക്കാൻ അനുവാദമുള്ളതെങ്കിലും നാലുമണിക്കൂർ നേരത്തേക്കുള്ള തുകയാണ് കരാർ ജീവനക്കാർ ഈടാക്കിയിരുന്നത്.
ആശുപത്രിയിലെ പാർക്കിംഗ് ഫീസ് പിരിക്കുന്നത് ഇനി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നേരിട്ട് നടുത്തുമെന്ന് മേയർ എം.കെ. വർഗീസും സൂപ്രണ്ടും വ്യക്തമാക്കി.
കൊള്ളപ്പിരിവിനു പിന്നിൽ
ഭരണനേതൃത്വം:
രാജൻ ജെ. പല്ലൻ
തൃശൂർ: കോർപറേഷൻ പരിധിയിൽ പാർക്കിംഗ് ഫീസ് നിരോധിക്കുകയും സ്വന്തം സ്ഥാപനത്തിൽ തന്നെ പാർക്കിംഗ് ഫീസിന്റെ പേരിൽ കൊള്ള നടത്തുകയും ചെയ്യുന്നതിന് കരാറുകാർക്ക് കരുത്തുപകരുന്നത് ഭരണനേതൃത്വം തന്നെയെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. ആശുപത്രിയിൽ അന്യായമായി പാർക്കിംഗ് ഫീസ് പിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അവർക്ക് അനുവദിച്ച പെർമിറ്റ് റദ്ദ് ചെയ്യണം. വിഷയം കൗണ്‍സിലിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.