ക്ഷേത്രങ്ങളിൽ മകീര്യം പുറപ്പാട് ഇന്ന്
1539075
Thursday, April 3, 2025 1:33 AM IST
ചേർപ്പ് ഭഗവതി,
ഊരകത്തമ്മത്തിരുവടി
ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് ഇന്ന് നടക്കും. 6.30ന് ഏഴ് ഗജവീരൻമാരുടെ അകമ്പടിയോടെ പുറത്തേയ്ക്ക് എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം, പട്ടിണി ശംഖ്, വഴികളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പെരുവനം തൊടുകുളത്തിൽ ആറാട്ട്, അമ്പലപ്പിള്ളി മനയിൽ ഇറക്കിപൂജ എന്നിവയുണ്ടാകും.
ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് ഇന്ന് വൈകീട്ട് നടക്കും. ഒരാനയുടെ അകമ്പടിയോടെ കടലാശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്, കൊടിക്കൽ പറ സ്വീകരിക്കൽ, ആറാട്ട്, രാത്രി 9.30ന് പൂരം പുറപ്പാട് എഴുന്നള്ളത്ത്, കേരള സർക്കാരിന് വേണ്ടി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കൽ, പൂമുള്ളി മനയ്ക്കൽ ആദ്യനിറപ്പറ സ്വീകരിക്കൽ, ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ അഞ്ച് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം, കേളി, കുഴൽ, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം മമ്പിള്ളി ക്ഷേത്രകുളത്തിൽ ആറാട്ടിന് ശേഷം അമ്മതിരുവടി സ്വക്ഷേത്രത്തിലേക്ക് മടങ്ങും.
തൃപ്രയാർ തേവരുടെ
പുറപ്പാട്
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന് ഉച്ചയ്ക്ക് 1.10നും രണ്ടിനും മധ്യേ നടക്കും.
ഊരായ്മക്കാർ ക്ഷേത്രത്തിനകത്തുവന്ന് നിയമവെടിക്ക് അനുവാദം നൽകിയ ശേഷം ദേഹശുദ്ധിവരുത്തി തേവരെ മണ്ഡപത്തിൽ എഴുന്നള്ളിക്കാൻ അനുവാദം നൽകുന്നതോടെ ചടങ്ങിന് തുടക്കമാകും. തൃക്കോൽ ശാന്തി തേവരെ മണ്ഡപത്തിൽ എഴുന്നള്ളിക്കും.
തുടർന്ന് ആറാട്ടിനായി സ്വർണക്കോലത്തിൽ അഞ്ച് ആനകളുടെ അകമ്പടിയോടെ തേവർ സേതുകുളത്തിലേക്ക് എഴുന്നള്ളും. തിരിച്ചെഴുന്നള്ളി ചുറ്റമ്പലത്തെ തീർഥക്കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തും.
ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്നതുവരെ തേവർ ദിവസവും തട്ടകത്തിൽ ഗ്രാമപ്രദക്ഷിണം നടത്തുന്നതും വിവിധ ഇടങ്ങളിൽ നടക്കുന്ന തേവരുടെ ആറാട്ടും ഭക്തി നിറഞ്ഞതാണ്.
ആറാട്ടുപുഴ പൂരം വെടിക്കെട്ടിന് അനുമതി
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് അനുമതിയായി. ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് വെടിക്കെട്ടിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അപേക്ഷ നിരസിച്ചതിനെ തുടർന്ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. കമ്മിറ്റിയുടെ വാദംകേട്ട ഹൈക്കോടതി തൃശൂർ ജില്ലാ ഭരണകൂടത്തിനോട് ആറാട്ടുപുഴ പൂരത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു.
3, 8, 9 തിയതികളിൽ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിനാണ് ഹൈക്കോടതി അനുമതി.