അഞ്ചിടങ്ങളിൽ അപകടം; 11 പേർക്കു പരിക്ക്
1538775
Wednesday, April 2, 2025 2:00 AM IST
സ്കൂട്ടർ വൈദ്യുതി
പോസ്റ്റിലിടിച്ച് അപകടം
ഗുരുവായൂർ: കണ്ടാണശേരി മൈത്രി ഓഡിറ്റോറിയത്തിനുസമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്കൂട്ടർ യാത്രികർക്കു പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ കേച്ചേരി പോക്കാക്കില്ലത്ത് സുബൈദ(52), ഉമ്മർ(56) എന്നിവരെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കുകൾ കൂട്ടിയിടിച്ച്
മൂന്നുപേർക്കു പരിക്ക്
വടക്കാഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്കേറ്റു. വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിനുസമീപം ഇന്നലെ രാവിലെ 9.15 നായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോയിരുന്ന ബൈക്കും എതിർഭാഗത്തുനിന്നും വന്നിരുന്ന മറ്റൊരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പാലക്കാട് കോങ്ങാട് സ്വദേശിയായ ജമാൽ (55)നാണ് ഗുരുതരമായി പരിക്കേറ്റത്. മലപ്പുറം തിരൂർ സ്വദേശിയായ അൻസാർ (25), സഹയാത്രിക തൃശൂർ വിയ്യൂർ സ്വദേശിയായ വിഷ്ണുപ്രിയ (19) എന്നിവർക്കും പരിക്കുണ്ട്.
പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പിക്കപ്പ് വാൻ പോസ്റ്റും
മതിലും ഇടിച്ചുതകർത്തു;
രണ്ടുപേർക്കു പരിക്ക്
എരുമപ്പെട്ടി: തിപ്പല്ലൂരിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ റോഡരികിലെ ഇലക്ട്രിക് പോസ്റ്റും മതിലും ഇടിച്ചുതകർത്തു. മാഞ്ഞാർ പാടത്തിനു സമീപമാണ് അപകടമുണ്ടായത്. കള്ളുമായി ഷാപ്പിലേക്കു പോവുകയായിരുന്ന പിക്കപ്പ് വാൻ ആണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്.
വാഹനം ഓടിച്ചിരുന്ന മങ്ങാട് ചാത്തംകുളം അയ്യൻകോവിൽ നികത്ത് രഘു (58), കൂടെ ഉണ്ടായിരുന്ന കടങ്ങോട് തെക്കുമുറി കുഴിപ്പറമ്പിൽ സുരേന്ദ്രൻ (58) എന്നിവർക്കു പരിക്കുപറ്റി. രഘുവിനു തലയ് ക്കും സുരേന്ദ്രന് ഷോൾഡറിലുമാണു പരിക്ക്. ഇവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീഴുകയും വീട്ടുമതിൽ തകരുകയും ചെയ്തു.
കല്ലൂരിൽ ലോറി മറിഞ്ഞു
കല്ലൂർ: നെല്ല് കയറ്റിവന്ന ലോറി കല്ലൂർ പാറക്കാടുവച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ നമ്പാടന് വര്‍ഗീസിന്റെ മതിലും ഗേറ്റും തകര്‍ന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡില്‍ സംസാരിച്ചുകൊണ്ടിരുന്നവര്‍ ലോറി വരുന്നതുകണ്ട് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. വളവില്‍ നിയന്ത്രണംവിട്ട ലോറി റോഡ് സൈഡിലെ വീടിന്റെ മതിലിനോടുചേര്‍ന്ന് മറിയുകയായിരുന്നു.
പാലക്കാടുനിന്നും നെല്ലുമായി കാലടിയിലേയ്ക്കു പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഏഴാംകല്ലിൽ ലോറിയുടെ
പിറകിൽ ജീപ്പിടിച്ച്
നാലുപേർക്കു പരിക്ക്
ഏങ്ങണ്ടിയൂർ: ഏഴാംകല്ല് ദേശീയ പാതയിൽ കെഎസ്ഇബി ഓഫീസിന് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ജീപ്പിടിച്ച് ജീപ്പിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളായ നാലുപേർക്കു പരിക്കേറ്റു.
കൊടുങ്ങല്ലൂർ കാര സ്വദേശികളായ വളവത്ത് വീട്ടിൽ പ്രസാദ് (46), ജിഷ (41), യദുകൃഷ്ണ (14), ശാരദ (75) എന്നിവർക്കാണു പരിക്കറ്റത്. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് അപകടം. നേരത്തെ മറ്റൊരപകടത്തിൽപ്പെട്ട ലോറിയാണ് ഇവിടെ നിർത്തിയിട്ടിരുന്നത്.