പെരുവനംപൂരം നാളെ
1539709
Saturday, April 5, 2025 1:40 AM IST
ചേർപ്പ്: ഐതിഹ്യപ്പെരുമയും ഹരംപകരുന്ന മേളങ്ങളും ഗജവീരൻമാരുടെ തലപ്പൊക്കവുംകൊണ്ട് സമ്പന്നമായ പെരുവനം പൂരം നാളെ ആഘോഷിക്കും. പൂരത്തിനായി പഞ്ചാരി പിറവികൊണ്ട പെരുവനം നടവഴി ഒരുങ്ങി. ഏഴു ഗജവീരൻമാർക്ക് അണിനിരക്കാവുന്ന നടവഴി പൂരദിനത്തിൽ നാദക്കടലായി മാറും.
വൈകീട്ട് നാലിന് കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രം കിഴക്കേ നടവഴിയിൽ അഞ്ചു ഗജവീരൻമാരുടെ അകമ്പടിയോടെ നടക്കും. മേളപ്രമാണി പെരുവനം ശങ്കരനാരായണൻ മാരാർ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും. ആറരയ്ക്കാണ് ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കം. ഏഴു ഗജവീരൻമാർ അകമ്പടിയാകും. മേളപ്രമാണി പെരുവനം കുട്ടൻമാരാർ പാണ്ടിമേളത്തിന് നേതൃത്വംനൽകും. ഏഴിന് ചാത്തക്കുടം ശാസ്താവിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ടു കയറ്റത്തോ ടെയുള്ള എഴുന്നള്ളിപ്പിന് ഏഴാനകളുണ്ടാകും. പഞ്ചാരിക്ക് പെരുവനം പ്രകാശൻമാരാർ പ്രാ മാണ്യം വഹിക്കും. കുഴൽ, കൊമ്പു പറ്റുകൾക്ക് ശേഷമാണ് ചാത്തക്കുടത്തിന്റെ കയറ്റപ്പഞ്ചാരിക്ക് കാലമിടുക.
രാത്രി 10.30ന് ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കൻമാരുടെ പടിഞ്ഞാറോട്ടുകയറ്റം. 11ന് ഊരകത്തമ്മതിരുവടി, ചാത്തക്കുടം ശാസ്താവിന്റെ പടിഞ്ഞാറോട്ടു കയറ്റം തൊടുകുളം പരിസരത്തുനിന്ന് കേളി, കൊമ്പ്, കുഴൽപ്പറ്റുകൾക്കുശേഷം ക്ഷേത്ര നടവഴിൽ എത്തിച്ചേരും. മേളപ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർ പഞ്ചാരിമേളത്തിന് നേതൃത്വംനൽകും.
ഈ സമയം ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് മൂന്നു ഗജവീരൻമാരുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴിയിൽ ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും. എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്രപരിസരത്ത് എത്തിയാൽ സമാപിക്കും. കരിമരുന്ന് പ്രയോഗത്തിനുശേഷം ഏഴു ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പെരുവനം ക്ഷേത്ര പരിസരത്തുനിന്ന് തുടരും. 12 ന് പെരുവനം ക്ഷേത്രമതിൽക്കകത്ത് പിടിക്കപറമ്പ്, നെട്ടിശേരിയടക്കം 11 ദേവീദേവൻമാർ അണിനിരക്കുന്ന വലിയവിളക്ക് നടക്കും. കിഴക്കൂട്ട് അനിയൻമാരാർ മേളത്തിനു നേതൃത്വം നൽകും.
തിങ്കളാഴ്ച പുലർച്ചെ നാലിന് ചേർപ്പ്, അയ്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് കിഴക്കേനടവഴിയിൽ നടക്കും. മേളത്തിനുശേഷം ഇരുഭഗവതിമാരും തൊടുകുളത്തിൽ ആറാട്ട് നടത്തും. തുടർന്ന് ആറാട്ടുപുഴ ശാസ്താവ് അയ്കുന്ന് ഭഗവതിയുമായി ഉപചാരം ചൊല്ലി പരിയുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും.