കളക്ടറും എംഎൽഎയും ചിറങ്ങരയിൽ; പരാതിപ്രളയവുമായി പൊതുജനം
1539414
Friday, April 4, 2025 1:50 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി മേഖലയിൽ നടക്കുന്ന നിർമാണപ്രവൃത്തികളിലെ അശാസ്ത്രീയത മറനീക്കി പുറത്തുവന്നതോടെ സനീഷ് കുമാർ ജോസഫ് എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ചിറങ്ങര സിഗ്നൽ ജംഗ്ഷനിലെത്തി. ആരോപണങ്ങളുടെ നിജസ്ഥിതി നേരിട്ടുകാണാനും വിലയിരുത്താനുമെത്തിയ കളക്ടർക്കു മുന്നിൽ നാട്ടുകാരുടെ പരാതിപ്രളയം. ഗതാഗതക്കുരുക്കിലൂടെ തന്നെ കടന്നുവന്ന കളക്ടർ പൊള്ളുന്ന വെയിലിനെ അവഗണിച്ച് ഒരു മണിക്കൂറോളംനേരം നാട്ടുകാരുടെ പരിദേവനങ്ങൾ കേട്ടു. എൻഎച്ച്എഐ പ്രോജക്ട് മാനേജർ ബിജുവും സ്ഥലത്തെത്തിയിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, പി.ജി. സത്യപാലൻ, ലിജോ ജോസ്, കേരള കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്റണി അടക്കം നിർമിതിയിലെ അപാകതകൾ അക്കമിട്ടുനിരത്തി. നിർമാണത്തിലെ പുരോഗതിയും പരാതികളും വിലയിരുത്തി 10 ദിവസത്തിനകം യോഗം വിളിക്കാമെന്ന ഉറപ്പിലാണ് കളക്ടർ മടങ്ങിയത്.
ജനങ്ങളുടെ പ്രധാന
പരാതികളും
നിർദേശങ്ങളും:
1. മുരിങ്ങൂർമുതൽ പൊങ്ങംവരെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുവാൻ നടപടി സ്വീകരിക്കണം. പോലീസിന്റെയും 10 ഫ്ലാഗ്മാൻമാരുടെയും സേവനം ഉറപ്പാക്കണം. പോലീസും പഞ്ചായത്തുമായി കൂടിയാലോചിച്ച് ഡൈവേർഷൻ ബോർഡുകളും സൂചനാബോർഡുകളും സ്ഥാപിക്കണം. മണിക്കൂറുകളോളം ട്രാഫിക്കിൽ വാഹനങ്ങൾ കുരുങ്ങുന്നപക്ഷം ടോൾപിരിവ് താത്കാലികമായി നിർത്തിവയ്ക്കണം.
2. നിർമാണം നടത്തിയ ഡ്രെയ്നേജുകളും ഭാഗികമായി നിർമിച്ച ചിറങ്ങര അടിപ്പാതയും ഭാരപരിശോധനയ്ക്കു വിധേയമാക്കണം.
3. തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണം. കൃത്യമായ മോണിറ്ററിംഗിലൂടെ നിർമാണത്തിലെ ഗുണനിലവാരം ഉറപ്പാക്കണം.
4. നിർമാണത്തിൽ കൃത്യമായ ആസൂത്രണം വേണം. കൺസൾട്ടൻസി, സൈറ്റ് എൻജിനീയർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ സേവനം നിർമാണ ഇടങ്ങളിൽ വേണം. മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങൾക്കായി ഒരു കൺസൾട്ടൻസി ഓഫീസ് തുറക്കണം.
5. സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കണം. സുരക്ഷാ റിബൺ, അപായസൂചന നൽകുന്ന ലൈറ്റുകൾ സ്ഥാപിക്കണം. ചിറങ്ങര കുളത്തിനോടുചേർന്ന് നിർമാണം നടക്കുന്ന ഇടുങ്ങിയ ഭാഗത്തെ വെളിച്ചക്കുറവ് പരിഹരിക്കണം.
6. കരാറിൽ പറഞ്ഞിരിക്കുന്ന 45 മീറ്റർ വീതി ദേശീയപാതയിൽ ഉറപ്പാക്കണം.ഡ്രെയ്നേജുകൾക്ക് അപ്പുറം ഇരുഭാഗത്തും രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോർ ഉണ്ടാകണം. കേബിളുകൾ, ജലവിതരണ പൈപ്പുകൾ ഇതിലൂടെ കടത്തിവിടണം. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ടു മീറ്റർ വീതിയിൽ നടപ്പാത യാഥാർഥ്യമാക്കണം.
7. മുരിങ്ങൂർമുതൽ പൊങ്ങംവരെ പൂർണമായി സർവീസ് റോഡ് നിർമിക്കണം.
8. കാനയ്ക്കു മുകളിലിട്ടിരിക്കുന്ന സുഷിരങ്ങളിലൂടെ ദേശീയപാതയിലെ പെയ്ത് വെള്ളം ഒഴുകിപ്പോകില്ല. കൃത്യമായ സംവിധാനം വേണം.
9. പഞ്ചായത്തും പോലീസുമായി എൻഎച്ച്എഐ കൂടിയാലോചനകളിലൂടെ ഏകോപനം ഉറപ്പുവരുത്തണം. കരാർകമ്പനിയുടെ തന്നിഷ്ടം അനുവദിക്കരുത്.
10. നിർദിഷ്ട ഇടങ്ങളിൽ തടസമായി നിൽക്കുന്ന വൈദ്യുതി കാലുകൾ മാറ്റിസ്ഥാപിക്കണം.
11. ഓരോ നിർമാണഘട്ടങ്ങൾ കഴിയുന്പോൾ എൻജിനീയറിംഗ് ടെസ്റ്റുകൾ ഉറപ്പുവരുത്തണം.
12. ക്യൂറിംഗ് സമയത്തിന്റെ കൃത്യതയ്ക്കൊപ്പം കോൺക്രീറ്റ് നിർമിതികൾ നനയ്ക്കാനും തയാറാകണം. പൊടിശല്യത്തിനു പരിഹാരമായി ലോറികളിൽ വെള്ളമെത്തിച്ചു നനയ്ക്കുവാനും നിർദേശം നൽകണം.
13. കൊരട്ടിയിലും ചിറങ്ങരയിലും മുരിങ്ങൂരിലും ബസ് ഷെൽറ്ററുകൾക്കൊപ്പം ബസ് ബേയും സ്ഥാപിക്കാൻ നടപടി വേണം.