തൃപ്രയാർ തേവർ സ്വർണക്കോലത്തിൽ എഴുന്നള്ളി
1539721
Saturday, April 5, 2025 1:40 AM IST
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ രണ്ടാം ദിവസമായ ഇന്നലെ രാവിലെ തേവർ സ്വർണക്കോലത്തിൽ എഴുന്നള്ളി. മൂന്നാനകളുടെ അകമ്പടിയോടെ നടന്ന പൂരം എഴുന്നള്ളിപ്പിൽ ചിറയ്ക്കൽ പരമേശ്വരൻ തേവരുടെ സ്വർണക്കോലം വഹിച്ചു. പഞ്ചാരി മേളത്തിന് തൃപ്രയാർ അനിയൻ മാരാർ പ്രാമാണ്യം വഹിച്ചു.
വൈകീട്ട് തേവർ കാട്ടൂർ പൂരത്തിന് യാത്രയായി. ഗജവീരൻ ചിറക്കൽ പരമേശ്വരന്റെ പുറത്ത് ഓലക്കുട ചൂടി ശംഖ് - മദ്ദള - മംഗള - ധ്വനികളോടെ എഴുന്നള്ളിയ തേവർക്ക് വഴിനീളെ ഭക്തർ നിറപറകളും നിലവിളക്കുകളുമായി എതിരേൽപ്പും നൽകി.
തിരികെ തൃപ്രയാറിലെത്തുന്ന തേവർക്ക് തൃപ്രയാർ ജം ഗ്ഷനു പടിഞ്ഞാറ് മൂസിന്റെ ഇല്ലത്ത് പറയും നടത്തി. തുടർന്ന് പുത്തൻകുളത്തിൽ ആറാടി തേവർ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
ഇന്ന് രാവിലെ തേവർ ബ്ലാഹയിൽ കണ്ടമ്പുള്ളിച്ചിറയിൽ ആറാട്ടിനും വൈകീട്ട് നാട്ടിക ചേർക്കരയിലുള്ള കുറുക്കൻ കുളത്തിൽ ആറാട്ടിനും എഴുന്നള്ളും.