ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം; പ്രഖ്യാപനംനടത്തി മന്ത്രി
1539723
Saturday, April 5, 2025 1:40 AM IST
ശ്രീനാരായണപുരം: മാലിന്യമുക്തപദവി കൈവരിച്ച ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത പ്രഖ്യാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനായി.
52 അയൽക്കൂട്ടങ്ങൾ, 64 സ്ഥാപനങ്ങൾ, 22 വിദ്യാലയങ്ങൾ, രണ്ടു കലാലയങ്ങൾ, രണ്ടു പൊതുസ്ഥലങ്ങൾ എന്നിവ സംസ്ഥാന സർക്കാർ നിർദേശിച്ച 13 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് 100 ശതമാനം മാലിന്യമുക്തപദവി കൈവരിച്ചത്.
മികച്ച ഹരിതസ്ഥാപനം, ഹരിത കലാലയം, ഹരിത വിദ്യാലയം, മികച്ച പൊതുവിടം, മികച്ച അയൽക്കൂട്ടം, വ്യാപാരസംഘടനകൾക്കുള്ള പ്രശസ്തിപത്രം, സ്തുത്യർഹമായ സേവനം നടത്തിയ ഹരിതകർമസേനാഗംങ്ങൾക്കുള്ള പ്രശസ്തിപത്രം എന്നിവ മന്ത്രി വിതരണംചെയ്തു. സെക്രട്ടറി രഹന പി.ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനാരായണപുരം മാർക്കറ്റിൽനിന്നു ആരംഭിച്ച മാലിന്യമുക്ത സന്ദേശജാഥയ്ക്ക് മന്ത്രി നേതൃത്വംനൽകി. പ്രസിഡന്റ് എം.എസ്. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം സുഗതാ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയ്യൂബ്, സി.സി. ജയ, പി.എ. നൗഷാദ്, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ വിനീത് തുടങ്ങിയവർ പങ്കെടുത്തു.