പാലയൂർ മഹാതീർഥാടനം ആറിന്
1539404
Friday, April 4, 2025 1:50 AM IST
തൃശൂർ: അതിരൂപതയുടെ നേതൃത്വത്തിൽ 28-ാം പാലയൂർ മഹാതീർഥാടനം ആറിനു നടക്കുമെന്നു ജനറൽ കൺവീനർ ഫാ. ജോൺപോൾ ചെമ്മണ്ണൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുലർച്ചെ നാലിനു തൃശൂർ ലൂർദ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയ്ക്കുശേഷം അഞ്ചിന് ആരംഭിക്കുന്ന മുഖ്യപദയാത്രയുടെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റും ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാനു പേപ്പൽ പതാക കൈമാറി നിർവഹിക്കും. രാവിലെ 11നു മുഖ്യപദയാത്ര പാലയൂർ തീർഥകേന്ദ്രത്തിൽ സമാപിക്കും.
ചേലക്കര, എരുമപ്പെട്ടി, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂർ, നിർമലപുരം, കണ്ടശാംകടവ്, പഴുവിൽ, മറ്റം, വലപ്പാട് തീരദേശം, ചാവക്കാട് കടപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള പദയാത്രകളും രാവിലെ 11 നു പാലയൂരിൽ എത്തും. പദയാത്രകൾ കടന്നുപോകുന്ന ഇടവകയിലെ വികാരിയച്ചൻമാരും കൈക്കാരൻമാരും പദയാത്രകൾക്കു നേതൃത്വം നൽകും.
രണ്ടാംഘട്ടപദയാത്ര പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 2.30നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം 3.30ന് ആരംഭിച്ച് 4.30 നു പാലയൂരിൽ സമാപിക്കും. തുടർന്നു 4.45നു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതവും ജനറൽ കൺവീനർ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ നന്ദിയും പറയും. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര, ഫാ. ഡൊമിനിക് തലക്കോടൻ, ഫാ. ഡേവീസ് കണ്ണമ്പുഴ എന്നിവർ നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, പബ്ലിസിറ്റി കൺവീനർ ജോര്‍ജ് ചിറമ്മൽ, ഫിനാൻസ് കൺവീനർ ജോജു മഞ്ഞില എന്നിവരും പങ്കെടുത്തു.