തരിശുരഹിതമാകാന് മുരിയാട് ഗ്രാമപഞ്ചായത്ത്
1538784
Wednesday, April 2, 2025 2:00 AM IST
മുരിയാട്: ഇനി ഒരു ഇഞ്ചുപോലും തരിശായി കിടക്കാതിരിക്കാനുള്ള തയാറെടുപ്പിലാണ് മുരിയാട് പഞ്ചായത്ത്.
തരിശുരഹിത പഞ്ചായത്തിനായി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് സംഘാടകസമിതി രൂപീകരിച്ചു. കൃഷിവകുപ്പ്, ക്ഷീരസംരക്ഷണവകുപ്പ്, ജലസേചനവകുപ്പ്, കാര്‍ഷിക സര്‍വകലാശാല തുടങ്ങിയ സംവിധാനങ്ങളെല്ലാം ഏകോപിപ്പിച്ച് നെല്ല്, പച്ചക്കറി, ഫലവൃക്ഷങ്ങള്‍, മത്സ്യകൃഷി, ഔഷധസസ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തരിശുകിടക്കുന്ന സ്ഥലങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംഘാടകസമിതി രൂപീകരണയോഗം തൃശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനംചെയ്തു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്തംഗം കെ.വി. സജു വിഷയാവതരണംനടത്തി. ബ്ലോക്ക് പ്രസിഡന്റ് ലളിതാബാലന്‍, ടി.ജി. ശങ്കരനാരായണന്, ജസ്റ്റിന് ജോര്‍ജ്, എഡിഎ എസ്. മിനി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിതാ രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, എ.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജോസ് ജെ.ചിറ്റിലപ്പിള്ളി ചെയര്‍മാനും അഡ്വ. മനോഹരന് കണ്‍വീനറും റിട്ട.കൃഷി ഓഫീസര്‍ പി.ആര്. ബാലന് കോ- ഓര്‍ഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു.