പ്ലസ്ടു മൂല്യനിർണയ ക്യാമ്പുകളിൽ കൈയും വായും കെട്ടി പ്രതിഷേധം
1539406
Friday, April 4, 2025 1:50 AM IST
തൃശൂർ: ഹയർസെക്കൻഡറി മേഖല തകർക്കാനുള്ള നീക്കത്തിനെതിരേ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളുടെ മുന്നിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് കൈയും വായും കെട്ടി പ്രതിഷേധസംഗമം നടത്തി.
അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. എഫ്എച്ച്എസ്ടിഎ ചെയർമാൻ പി.ടി. കിറ്റോ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളെ ശിക്ഷണത്തിൽ വളർത്താൻ പരിശ്രമിക്കുന്ന അധ്യാപകർക്കെതിരേ അകാരണമായി സസ്പെൻഷൻ, ട്രാൻസ്ഫർ നടപടികൾ എടുക്കുന്നതിനെതിരേ അധ്യാപകർ പ്രതിഷേധിച്ചു. സ്കൂൾ ഏകീകരണനടപടികൾ അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും വേതനം വർധിപ്പിക്കുക, തസ്തികകൾ വെട്ടിച്ചുരുക്കി, അധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, പ്ലസ് വൺ ഏകജാലകപ്രവേശനത്തിലെ മാർജിനൽ വർധന അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:40 ആക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കൺവീനർ സി.എം. അനന്തകൃഷ്ണൻ, വൈസ് ചെയർമാൻ എൻ.പി. ജാക്സൺ, ട്രഷറർ ലിന്റോ വടക്കൻ, എച്ച്എസ്എസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഡോ. എസ്.എൻ. മഹേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.