പതിയാരം - നെല്ലുവായ് തോട്ടിലെ തടയണയ്ക്ക് ഷട്ടർ സ്ഥാപിച്ചു
1538780
Wednesday, April 2, 2025 2:00 AM IST
എരുമപ്പെട്ടി: പതിയാരം - നെല്ലുവായ് തോട്ടിലെ തടയണയ്ക്ക് ഷട്ടർ സ്ഥാപിച്ചു. കുന്നത്തേരി- നെല്ലുവായ് പാടശേഖരത്തിലെ നെൽകൃഷിക്ക് വെള്ളം സംഭരിക്കുന്നതിനുവേണ്ടിയാണ് തോട്ടിൽ തടയണ നിർമിച്ചത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്താണ് തടയണയ്ക്കും ഷട്ടറിനും വേണ്ടി 16 ലക്ഷം രൂപ അനുവദിച്ചത്.
ബ്ലോക്ക് മെമ്പർ ഡോ. വി.സി. ബിനോജിന്റെ ആവശ്യപ്രകാരം രണ്ട് ഘട്ടങ്ങളായാണ് ഫണ്ട് വകയിരുത്തിയത്. കർഷകർക്ക് അനായാസം പ്രവർത്തിപ്പിക്കുന്നതിനായി ഫൈബർ ഷട്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് മെമ്പർ ഡോ. വി.സി. ബിനോജ്, പഞ്ചായത്ത് മെമ്പർമാരായ എം.കെ. ജോസ്, എൻ.പി. അജയൻ എന്നിവരും പാടശേഖരസമിതി ഭാരവാഹികളും നിർമാണ പ്രവർത്തനം വിലയിരുത്താൻ സന്ദർശനം നടത്തി.
തടയണയിലേക്ക് ഇറങ്ങുവാൻ ആവശ്യമായ പടവുകളും നിർമിക്കാൻ ഉദ്ദേശിക്കുന്നതായി ഡോ. വി.സി. ബിനോജ് അറിയിച്ചു.