പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളുമായി സുരേഷ്ഗോപി വീണ്ടും ഡൽഹിക്ക്
1539710
Saturday, April 5, 2025 1:40 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ തിരുവന്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും ഡൽഹിയിലേക്ക്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി പരിഹാരം കാണുമെന്നും പൂരം ഭംഗിയായി നടത്തുമെന്നും സുരേഷ്ഗോപി മാധ്യമങ്ങളോടു പറഞ്ഞു. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച. തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും.
കേന്ദ്ര സ്ഫോടകവസ്തു നിയമപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിനു പ്രതിസന്ധികളുണ്ട്. നിയമഭേദഗതി വരുത്തിയാലേ പൂരം വെടിക്കെട്ട് പതിവുരീതിയിൽ നടത്താനാകൂ. നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികൾ ചർച്ച നടത്തിയിരുന്നെങ്കിലും ഇതുവരെ നിയമഭേദഗതിക്കോ പ്രതിസന്ധി പരിഹരിക്കാനോ നടപടികളായിട്ടില്ല. ഇതുമൂലം പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാണെന്നു ദേവസ്വങ്ങൾ പറഞ്ഞിരുന്നു. നിയമഭേദഗതിക്കായി കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും ദേവസ്വങ്ങൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂരം വെടിക്കെട്ട് പ്രതിസന്ധി തീർക്കാൻ തൃശൂർ എംപി കൂടിയായ സുരേഷ്ഗോപി വീണ്ടും ദേവസ്വം ഭാരവാഹികളെയും കൊണ്ട് ഡൽഹിക്കു പോകുന്നത്.
എംപിയായി സ്ഥാനമേറ്റയുടൻ സുരേഷ്ഗോപി ഡൽഹിയിൽനിന്ന് പെസോ അധികൃതരെ തൃശൂരിലെത്തിച്ച് വെടിക്കെട്ടു നടക്കുന്ന തേക്കിൻകാട് മൈതാനിയിലടക്കം കൊണ്ടുവന്നെങ്കിലും അനകൂല തീരുമാനമായിരുന്നില്ല. വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന കെട്ടിടമായ മാഗസിനും വെടിക്കെട്ട് നടത്തുന്ന സ്ഥലമായ ഫയർലൈനും തമ്മിൽ 200 മീറ്റർ ദൂരപരിധിവേണമെന്ന എക്സ് പ്ലോസീവ് നിയമത്തിലെ ഭേദഗതിയാണു പൂരം വെടിക്കെട്ടിനു തടസമായിരിക്കുന്നത്. ഈ നിബന്ധന പാലിക്കുകയാണെങ്കിൽ തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് നടത്താനാകില്ല. നിയമഭേദഗതിയിലൂടെ മാത്രമെ പ്രശ്നത്തിനു പരിഹാരം കാണാനാകൂ. മാഗസിൻ ഒഴിവാക്കിയിട്ടശേഷം വെടിക്കെട്ടിനു തൊട്ടുമുൻപ് പൂരപ്പറന്പിലേക്കു വെടിക്കോപ്പുകൾ എത്തിക്കാൻ ആലോചനയുണ്ടെങ്കിലും അത് അപ്രായോഗികമാണെന്നാണു വിലയിരുത്തൽ.
മേയ്നാലിനാണു തൃശൂർ പൂരത്തിന്റെ സാന്പിൾ വെടിക്കെട്ട്. ആറിനു പൂരം. ഏഴിനു പുലർച്ചെ പ്രധാന വെടിക്കെട്ടും ഉച്ചയ്ക്ക് പകൽപൂരം വെടിക്കെട്ടും നടത്തേണ്ടതുണ്ട്.