ചാലക്കുടിയിലെ പുലി: ദൃശ്യങ്ങൾ ലഭിച്ചില്ല
1538782
Wednesday, April 2, 2025 2:00 AM IST
ചാലക്കുടി: ചാലക്കുടിയിൽ ഭീതിപരത്തുന്ന പുലിയെ തേടിയുള്ള അന്വേഷണം ഊർജിതമാക്കിയെങ്കിലും പുലിയെ ഇനിയും കണ്ടെത്താനായില്ല.
ഇന്നലെ പുഴയോടുചേർന്ന ആൾതാമസമില്ലാത്ത കെട്ടിടങ്ങളിൽ വനംവകുപ്പിന്റെ പ്രത്യേക സംഘം പരിശോധനനടത്തി. കണ്ണംമ്പുഴ മുതൽ കോട്ടാറ്റ് വരെയുള്ള പ്രദേശങ്ങളിലെ 23 കെട്ടിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞദിവസം സ്ഥാപിച്ച കാമറകളിലെ ചിത്രങ്ങൾ മുഴുവൻ പരിശോധിച്ചുവെങ്കിലും പുലിയുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന ചിത്രങ്ങൾ ഒന്നും ലഭിച്ചില്ല. പുഴയോരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണംനടത്തുന്നത്. ഇവിടെ മരങ്ങളിൽ നിരവധി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയും പകലും വനംവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം വിപുലമായ അന്വേഷണം നടത്തുകയാണ്.
ചാലക്കുടിയിൽ കണ്ണമ്പുഴ ക്ഷേത്രത്തിനുസമീപം പുലിയുടെ സാന്നിധ്യമുള്ളതായാണ് സംശയിക്കുന്നത്. ആദ്യം പുലിയുടെ കാൽപ്പാടുകൾകണ്ട സ്ഥലങ്ങളിൽ വീണ്ടും കാൽപ്പാടുകൾ കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇവിടെ രണ്ടു കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കാടുകുറ്റിയിൽ പുലിയെ കണ്ടതായി പറയുന്നത്.
അന്വേഷണസംഘം ഒരോദിവസവും കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.