ലഹരിക്കെതിരായ മുന്നറിയിപ്പുകൾ തമസ്കരിച്ചത് വലിയ വിപത്തായി: മാർ ടോണി നീലങ്കാവിൽ
1539720
Saturday, April 5, 2025 1:40 AM IST
തൃശൂർ: ലഹരിക്കെതിരേ വർഷങ്ങളായി സഭ നൽകിയ മുന്നറിയിപ്പുകളുടെ മുന്നിൽ മുഖംതിരിച്ച സർക്കാരുകൾ ഇനിയും കണ്ണുതുറന്ന് ശക്തമായ നടപടികളിലേക്ക് തിരിയണമെന്നും പൊതു സമൂഹം ഉണരണമെന്നും അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ.
വർധിച്ചു വരുന്ന രാസലഹരി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളകട്റേറ്റിനു മുന്നിൽ കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ക്ലസ്റ്റർ പോയിന്റുകൾ കണ്ടെത്തി വ്യാപനം തടയാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും സമരത്തിൽ ആവശ്യം ഉയർന്നു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജീജോ വള്ളപ്പാറ അനുഗ്രഹ പ്രഭാഷണം നടത്തി. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനു ചാലിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസീസ്, സഭാതാരം പി.ഐ. ലാസർ, കെസിഎഫ് ട്രഷറർ അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. ഡേവീസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, മേഴ്സി ജോയ്, അഡ്വ. ബൈജു ജോസഫ്, ലീലവർഗീസ്, യൂത്ത് കൗണ്‍സിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ ആന്റോ തൊറയൻ, ജെയിംസ് ആഴ്ചങ്ങാ ടൻ എന്നിവർ പ്രസംഗിച്ചു.