വരുന്നൂ, തൊഴിൽപ്പൂരം
1539061
Thursday, April 3, 2025 1:33 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കാൽലക്ഷം ഉദ്യോഗാർഥികളെ പങ്കാളികളാക്കി തൊഴിൽപ്പൂരം എന്നപേരിൽ മെഗാ ജോബ് എക്സ്പോ 26ന്. തൃശൂർ എൻജിനീയറിംഗ് കോളജ്, വിമല കോളജ്, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, തദ്ദേശസ്ഥാപനങ്ങൾ സംയുക്തമായി വിജ്ഞാന തൃശൂരിന്റെ ഭാഗമായാണ് എക്സ് പോ നടത്തുക.
എക്സ്പോയ്ക്കു മുന്നോടിയായി വിവിധ ബ്ലോക്ക് - നഗരസഭകളിലായി 24 ജോബ് സ്റ്റേഷനും മുഴുവൻസമയ ഉദ്യോഗസ്ഥരും കമ്യൂണിറ്റി അംബാസഡർമാരുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് ഏകോപനചുമതല.
ദേശീയ-അന്തർദേശീയതലത്തിലുള്ള കന്പനികളിൽനിന്ന് ഇരുന്നൂറിലേറെ ജോലികളിലായി മൂന്നുലക്ഷം തൊഴിലവസരങ്ങളാണ് ഉദ്യോഗാർഥികൾക്കു ലഭിക്കുക. തൃശൂർ ജില്ലയിലെ പ്രാദേശികസ്ഥാപനങ്ങളിൽനിന്നായി 10,000 തൊഴിലവസരങ്ങൾകൂടി ലഭിക്കും. ഏപ്രിൽമുതൽ ജോബ് സ്റ്റേഷനുകളിൽനിന്നു വിശദവിവരങ്ങൾ അറിയാം.
കഴിഞ്ഞമാസം നടന്ന ഓണ്‍ലൈൻ ജോബ് ഡ്രൈവിൽ 90 ശതമാനം ആളുകൾക്കു ജോലി ലഭിക്കുകയോ ചുരുക്കപ്പട്ടികയിൽ ഇടംലഭിക്കുകയോ ചെയ്തതു തൊഴിൽപ്പൂരം വൻവിജയമാകുമെന്നതിന്റെ സൂചനയാണെന്നു വിജ്ഞാനകേരളം ജനകീയ കാന്പയിൻ ഉപദേശകൻ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. 730 പേർ ഡിപ്ലോമ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖങ്ങളിൽ പങ്കെടുത്തു. 475 പേർക്കു തൊഴിൽ ലഭിച്ചു. 183 പേർ ചുരുക്കപ്പട്ടികയിൽ ഇടംനേടി. എല്ലാ ശനിയാഴ്ചയും ഓണ്‍ലൈൻ അഭിമുഖങ്ങളുണ്ടാകും.
തൊഴിൽപ്പൂരത്തോടനുബന്ധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ വീടുകളിലെത്തി തൊഴിലന്വേഷകരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കാൻ നടപടി സ്വീകരിക്കും. ഇതിനുള്ള കീ റിസോഴ്സ് പേഴ്സണ്‍മാരുടെയും(കെആർപി) ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണ്‍മാരുടെയും(ഡിആർപി) പരിശീലനം പൂർത്തിയായി.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർഥികൾക്ക് ജോബ് സ്റ്റേഷനിലെത്തി ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (DWMS) പേരു രജിസ്റ്റർ ചെയ്യാം. അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കാനും അപേക്ഷിക്കാനും സഹായം ലഭിക്കും.
https://knowledgemission.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയും DWMS എന്ന ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.
അപേക്ഷകർക്കു പരിശീലനം
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിനുമുന്നോടിയായി പ്രത്യേക പരിശീലനം നൽകും. കോളജുകളിലെ ഇംഗ്ലീഷ് വകുപ്പുകളിലെ ലാംഗ്വേജ് ലാബിന്റെ സഹായത്തോടുകൂടി ഇംഗ്ലീഷ് ഭാഷാനൈപുണി പരിശീലനവും നൽകും. സന്നദ്ധപ്രവർത്തനത്തിനു തയാറുള്ള വിരമിച്ച ഇംഗ്ലീഷ് അധ്യാപകർക്കും കമ്യൂണിറ്റി മെന്റർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കും ജോബ് സ്റ്റേഷനിൽ ബന്ധപ്പെടാം.
സ്ഥാപനങ്ങൾക്ക് അവസരം
ജില്ലയിലെ കന്പനികൾക്കും സംരംഭകർക്കും ആറുമാസത്തേക്കു സ്ഥാപനങ്ങളിൽ ഉണ്ടാകാവുന്ന ഒഴിവുകൾ ജോബ് സ്റ്റേഷനിൽ അറിയിക്കാം.
യോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്തി അഭിമുഖത്തിന് എത്തിക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്കു തൊഴിലിനാവശ്യമായ നൈപുണിപരിശീലനം അംഗീകൃത ഏജൻസികൾവഴി നൽകുന്ന ചുമതലയും വിജ്ഞാന തൃശൂർ ഏറ്റെടുക്കും. ഇതിനായി ആറുകോടി രൂപ വകയിരുത്തി.
വിദ്യാർഥികൾക്കു പരിശീലനം
വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി തുടർമാസങ്ങളിൽ ചെറുതും വലുതുമായ തൊഴിൽമേളകൾ തുടരും. ഓഗസ്റ്റിൽ കോളജ് വിദ്യാർഥികൾക്കായി നൈപുണിപരിശീലനവും ആരംഭിക്കും. കാന്പസ് പ്ലേസ്മെന്റ് വഴി ജോലി ലഭിക്കാൻ ആവശ്യമായ സ്കിൽ കോഴ്സുകൾ പഠനപദ്ധതിയുടെ ഭാഗമായി അവസാനവർഷ വിദ്യാർഥികൾക്കു ലഭ്യമാക്കും. വിദ്യാർഥികൾക്കു വഴികാട്ടാൻ വിവിധ രംഗങ്ങളിൽ വിദഗ്ധരായ പൂർവവിദ്യാർഥികളെയും ഉൾപ്പെടുത്തും.