ബിന്ദുടീച്ചർക്കു വില്വമലയുടെ സ്നേഹഭരിത യാത്രയയപ്പ്
1539072
Thursday, April 3, 2025 1:33 AM IST
ശശികുമാർ പകവത്ത്
തിരുവില്വാമല: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു സ്ഥലംമാറിപ്പോകുന്ന ബിന്ദുടീച്ചറെ സഹപ്രവർത്തകരും കുട്ടികളും ഭാരിച്ച ഹൃദയങ്ങളോടെയാണ് യാത്രയാക്കിയത്. പോയ കാൽനൂറ്റാണ്ടുകാലം ടീച്ചർ കുട്ടികൾക്കു പകർന്നുനൽകിയ സ്നേഹവും കരുതലും അത്രയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ടീച്ചറുടേത് ഒരു സാധാരണ സ്ഥലംമാറ്റമല്ല അവർക്ക്.
രണ്ടായിരാമാണ്ടിലാണ് ആലുവ കടുങ്ങല്ലൂർ സ്വദേശിനിയായ ബിന്ദു ഹിന്ദി അധ്യാപികയായി വില്വമലയുടെ താഴ്വാരത്തെ സ്കൂളിൽ എത്തിയത്. പിന്നീടിങ്ങോട്ട് സ്കൂളും കുട്ടികളും ഗ്രാമവുമായി അവരുടെ ജീവിതപരിസരം. കുട്ടികളുടെ കഴിവുകളും കുറവുകളും ഒരുപോലെ മനസിലാക്കി അവരെ പ്രോത്സാഹിപ്പിച്ചു. പാഠപുസ്തകത്തിനു പുറത്തുള്ള സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങൾ കുട്ടികളെ പഠിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുള്ള അധിക പഠനക്ലാസുകളിലും സജീവമായി പങ്കെടുത്തു. എസ്പിസിയുടെ ചുമതലയും വഹിച്ചിരുന്നു. മാതാപിതാക്കളുമായും മികച്ച ബന്ധം പുലർത്തി.
മച്ചാട് ഗവണ്മെന്റ് എൽപി സ്കൂളിലേക്കു പ്രധാന അധ്യാപികയായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം. വിവാഹവാർഷികദിനംകൂടിയായിരുന്ന ഇന്നലെ സ്കൂൾമുറ്റത്തു മധുരംപങ്കുവച്ചാണ് ബിന്ദുടീച്ചർ പടിയിറങ്ങിയത്. റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ദേവരാജനാണ് ഭർത്താവ്. ബംഗളൂരുവിൽ ജോലിചെയ്യുന്ന നന്ദകിഷോർ ഏകമകനാണ്.