ഡോക്ടർമാരില്ല; താലൂക്കാശുപത്രിയിൽ ഒപിയിൽ കഷ്ടപ്പെട്ട് രോഗികൾ
1490667
Sunday, December 29, 2024 3:56 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം മൂലം രോഗികൾക്ക് ദുരിതം. നൂറ് കണക്കിന് രോഗികൾ ദിവസേനയെത്തുന്ന ആശുപത്രിയിൽ ഒപി വിഭാഗത്തിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാർ മാത്രമാണുള്ളത്. ആശുപത്രിയിൽനിന്നു സ്ഥലം മാറിപ്പോയ ഡോക്ടർമാർക്ക് പകരമായി ഡോക്ടർമാരെത്താത്തത് ഒപിയിൽ രോഗികളുടെ തിരക്ക് കൂട്ടുന്നതിനിടെയാണ് ശബരിമല ഡ്യൂട്ടിക്കും മറ്റുമായി പോയത് മൂലം ഡോക്ടർമാരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
രാവിലെ ഒപിയിലെത്തുന്ന രോഗികൾ മണിക്കൂറുകൾ ക്യൂ നിന്നാണ് ഡോക്ടർമാരെ കാണുന്നത്. വിവിധ രോഗങ്ങളുമായെത്തുന്ന രോഗികൾ ക്യൂവിൽ അനിശ്ചിതമായി നിൽക്കാൻ നിർബന്ധിതരാകുന്നത് മൂലം കൂടുതൽ അവശരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പ്രത്യേക ചികിത്സാ വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ് രോഗികൾ. ഫിസിഷ്യനും ഇഎൻടി ഡോക്ടറും ശബരിമല ഡ്യൂട്ടിയിലാണ്. സ്ഥലം മാറിപ്പോയ ഓർത്തോ വിഭാഗത്തിൽ പകരം ഡോക്ടർ ഇതുവരെയെത്തിയിട്ടില്ല. ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാരും ഇന്നലെ ഒപിയിൽ ഇല്ലായിരുന്നു.
ദന്തൽ വിഭാഗത്തിലെ ഡോക്ടർമാരാകട്ടെ 31 വരെ അവധിയിലുമാണ്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് രോഗികളുടെ ദുരിതം കുറയ്ക്കാനുള്ള നടപടികൾ എത്രയും വേഗമുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.