ആലങ്ങാട് പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
1491427
Wednesday, January 1, 2025 3:20 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങിൽ ആഴ്ചകളായി കുടിവെള്ളം കിട്ടാക്കനി.
കൊങ്ങോർപ്പിള്ളി, കരിങ്ങാംതുരുത്ത്, ഓളനാട്, തിരുമുപ്പം, മേത്താനം തുടങ്ങിയ പ്രദേശങ്ങളിലാണു കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നാണ് ആലങ്ങാട് മേഖലയിലേക്കു ജലവിതരണം നടക്കുന്നത്. ടാപ്പിലൂടെ ജലം ലഭിക്കാതായതോടെ നാട്ടുകാർ ജല അഥോറ്റിറ്റി അധികൃതരുമായി ബന്ധപ്പെടുകയും സമരപരിപാടികൾ വരെ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ നാളിതുവരെയായി ശുദ്ധജലക്ഷാമത്തിനു ശാശ്വതപരിഹാരമായിട്ടില്ല. ചിലപ്പോൾ നേരം പുലരും മുന്നേ പൈപ്പിൻ ചുവട്ടിൽ കാത്തുനിന്നാലാണു കുറച്ചു കുടിവെള്ളം ലഭിക്കുക. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും പൈപ്പ് വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ജലക്ഷാമം രൂക്ഷമായതോടെ ദൈനംദിന ആവശ്യങ്ങൾക്കായി മറ്റു പ്രദേശങ്ങളിലെ വീടുകളെയും പണം നൽകി ടാങ്കറിൽ കുടിവെള്ളമെത്തിച്ച് ഉപയോഗിക്കേണ്ട അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു.
മർദം കുറച്ചു ചെയ്യുന്നതും പലപ്പോഴും പഞ്ചായത്തിന്റെ അറ്റ പ്രദേശങ്ങളായ ഇവിടേക്കുള്ള വാൽവുകൾ പൂട്ടിയിടുന്നതുമാണു വെള്ളം അടിക്കടി മുടങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വേനൽ ആരംഭിക്കാനിരികെ ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ ഗതി കൂടുതൽ പരിതാപകരമാകുമെന്നാണു പരാതി.
പ്രശ്നം പരിഹരിക്കുന്നതിനായി 3.90 ലക്ഷം രൂപ പഞ്ചായത്ത് ജലഅഥോറിറ്റിക്കു കൈമാറിയിട്ടുണ്ടെന്നും ഒരാഴ്ച കഴിഞ്ഞാൽ ഈ തുക ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും അതു
പൂർത്തിയാകുന്ന മുറയ്ക്ക് കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളിലേക്കു തടസമില്ലാതെ വെള്ളം ലഭിക്കുമെന്നും ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് പറഞ്ഞു.