മുൻ തീരുമാനങ്ങൾ ജിസിഡിഎ "മറന്നു’!
1491262
Tuesday, December 31, 2024 4:53 AM IST
കൊച്ചി: ഫുട്ബോൾ മത്സരങ്ങൾക്കായി കോടികൾ ചെലവഴിച്ചു പാകപ്പെടുത്തിയ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്രൗണ്ട്, മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ നൃത്തപരിപാടി നടത്തിപ്പിൽ പാലിക്കപ്പെട്ടില്ല.
ഫുട്ബോൾ ടർഫിനു മുകളിൽ എടുത്തുമാറ്റാവുന്ന വിധത്തിലുള്ള ടൈലുകൾ വിരിച്ചശേഷമാകും മറ്റു പരിപാടികൾ അനുവദിക്കുകയെന്നു ജിസിഡിഎ നേരത്തെ നിശ്ചയിച്ചിരുന്നു. ഗിന്നസ് റിക്കാർഡിനായുള്ള നൃത്തപരിപാടിക്ക് അനുവാദം നൽകിയപ്പോൾ, സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ജിസിഡിഎയും സംഘാടകരും ആ മാനദണ്ഡം മറന്നു. ഫുട്ബോൾ ടർഫിനു കേടുവരാത്ത രീതിയിൽ താത്കാലികമായാണു ടൈലുകൾ സജ്ജമാക്കാൻ ജിസിഡിഎ തീരുമാനിച്ചത്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഈ രീതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് 2023ൽ ജിസിഡിഎ ഈ തീരുമാനമെടുത്തത്. അന്നത്തെ തീരുമാനത്തിനുശേഷം, ആദ്യത്തെ കായികേതര പരിപാടിയാണ് ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിൽ നടന്നത്.
അതേസമയം ഗ്രൗണ്ടിലെ ഫുട്ബോൾ മത്സരം നടക്കുന്ന ഭാഗം ഒഴിവാക്കിയാണു നൃത്തപരിപാടിക്കായി വിട്ടു നൽകിയതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. സാന്പത്തിക പ്രശ്നങ്ങൾ മൂലം ടൈൽ പാകുന്നതിനുള്ള പദ്ധതി തത്ക്കാലത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. കൂടുതൽ ഇവന്റുകൾ വരുന്നമുറയ്ക്ക് അതു നടപ്പാക്കുമെന്നും ജിസിഡിഎ അധികൃതർ പറഞ്ഞു. പരിപാടിയിൽ നർത്തകിമാർ നിരന്നത് ഫുട്ബോൾ ടർഫിനു പുറത്തുള്ള ഭാഗത്തായിരുന്നെങ്കിലും ഒരുക്കങ്ങളുടെ ഭാഗമായി മൈതാനം മുഴുവൻ സംഘാടകർ ഉപയോഗിച്ചുവെന്നു കാണികൾ പറയുന്നു.