ഓപ്പറേഷൻ വാഹിനി പദ്ധതി: തിരുമാറാടിയിൽ രണ്ടാംഘട്ടത്തിന് 15.5 ലക്ഷത്തിന്റെ ഭരണാനുമതി
1491423
Wednesday, January 1, 2025 2:50 AM IST
തിരുമാറാടി : പഞ്ചായത്തിന്റെ മധ്യഭാഗത്തിലൂടെ കടന്നു പോകുന്ന ഉഴവൂർ തോടിന്റെ കീഴിച്ചിറ മുതൽ ആഴം കൂട്ടി നവീകരിക്കുന്നതിന് ജലസേചന വകുപ്പ് മൈനർ ഇറിഗേഷന്റെ കീഴിലുള്ള ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പെടുത്തി 15.5 ലക്ഷം രൂപ അനുവദിച്ചു.
മന്ത്രി റോഷി അഗസ്റ്റിന് എൽഡിഎഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അധിക തുക അനുവദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ്, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ജിനു അഗസ്റ്റിൻ, സിപിഎം ലോക്കൽ സെക്രട്ടറി എം.കെ .ശശി, സിപിഐ ലോക്കൽ സെക്രട്ടറി സനൽ ചന്ദ്രൻ എന്നിവർ അറിയിച്ചു.
തിരുമാറാടി വടക്കുംപാടം പാടശേഖരത്തിലെ 100 ഏക്കറോളം വരുന്ന നെൽകൃഷിക്കാർക്കാണ് ഈ പദ്ധതി വഴി പ്രയോജനം ചെയ്യുക. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം പാടശേഖരത്തിലെ കർഷകർ കൃഷി ഇറക്കാനാവാതെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.