സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവും സുഹൃത്തും പിടിയിൽ
1490662
Sunday, December 29, 2024 3:56 AM IST
പെരുമ്പാവൂർ: വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന വീട്ടമ്മയുടെ പരാതിയിൽ കുടുങ്ങിയത് സ്വന്തം മകൻ തന്നെ. കീഴ്മാട് മേപ്പറന്പത്ത് ആസിഫ്(19) ആണ് സ്വന്തം സുഹൃത്തുമൊത്തു വീട്ടിൽ മോഷണം നടത്തിയതിന് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ഐരാപുരം സ്വദേശി എൽദോ കെ. വർഗീസും അറസ്റ്റിലായി.
അമ്മയുമൊത്ത് കഴിഞ്ഞ ദിവസം പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തിൽ പരാതിയുമായി എത്തിയതും ആസിഫായിരുന്നു. വെങ്ങോലയിലെ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 31,000 രൂപയും, കാറിൽ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറും കവർന്നെന്നായിരുന്നു പരാതി.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയമായി അന്വേഷണം ആരംഭിച്ചു. നിരവധി സിസി ടിവികൾ പരിശോധിച്ചു. ചോദ്യം ചെയ്തു.
ഒടുവിൽ പരാതി നൽകാനെത്തിയ മകനും സുഹൃത്തും ചേർന്നാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. പിറന്നാൾ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട്ടിൽ നിന്നും പണവും സ്പീക്കറും ആംപ്ലിഫയറും മറ്റും മോഷ്ടിച്ചതെന്ന് ആസിഫ് പറഞ്ഞു.
എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, അരുൺ , സിപിഒ ജിൻസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായ മറ്റുള്ളവർ.