നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു
1491224
Tuesday, December 31, 2024 4:25 AM IST
പെരുമ്പാവൂർ: റൂറൽ ജില്ലയിൽ മൂന്ന് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ അമൽ (29), വേങ്ങൂർ വെസ്റ്റ് കണ്ണഞ്ചേരി മുകൾഭാഗത്ത് കുറുപ്പംചാലിൽ ജോജി (27), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത് (29) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അമൽ, ജോജി എന്നിവർ കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. രണ്ടു പേരും കോടനാട് കുറപ്പംപടി സ്റ്റേഷനുകളിൽ ഈ വർഷം രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ പ്രതിയായതിനാ തുടർന്നാണ് നടപടി.
അജിത്ത് കുറുപ്പംപടി കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തുടങ്ങി നിരവധി കേസിലെ പ്രതിയാണ്. ഒക്ടോബറിൽ കോതമംഗലത്ത് കാർണിവൽ സ്റ്റാളിന് സ്ഥലം ലേലം ചെയ്തതുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ രജിസ്റ്റർ ചെയത വധശ്രമക്കേസിൽ അജിത്ത് ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ കേസിലെ മറ്റൊരു പ്രതിയേയും കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
ഇൻസ്പെക്ടർമാരായ വി.എം. കേഴ്സൺ (കുറുപ്പംപടി) സാം ജോസ് (കോട്ടപ്പടി), ജി.പി. മനു രാജ് (കോടനാട് ), എസ്ഐമാരായ എൽദോ പോൾ, പി.വി. ജോർജ്, എ.എസ്. ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കുറുപ്പംപടിയിൽ നിരന്തര കുറ്റവാളികളും സഹോദരങ്ങളുമായ ലാലു, ലിന്റോ എന്നിവരെയും കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2024 ൽ റൂറൽ ജില്ലയിൽ 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 55 പേരെ നാടുകടത്തി. 20 പേരെ ഡിവൈഎസ്പി ഓഫീസുകളിലും, സ്റ്റേഷനുകളിലും ഒപ്പിടുന്നതിനും ഉത്തരവായി.
പറവൂർ: ചെറിയപ്പിള്ളി ഘണ്ടാകർണൻവെളി തെറ്റയിൽ ഷിന്റോ ഷാജി (25)യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. 2021 മുതൽ പറവൂർ, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, മയക്കു മരുന്ന് വില്പന, വീടുകളിൽ അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണിയാൾ. പറവൂർ എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുണ്ട്.
കഴിഞ്ഞ ജൂലായിൽ ഘണ്ടാകർണൻ വെളി ഭാഗത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ കേസെടുത്തതിനെ തുടർന്നാണ് നടപടി ഉണ്ടായത്.