എൽദോസ് കുന്നപ്പള്ളിയുടെ ഗ്രാമയാത്ര നാളെ മുതൽ
1491426
Wednesday, January 1, 2025 3:20 AM IST
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎ നയിക്കുന്ന ഭവന സന്ദർശന ജനസമ്പർക്ക പരിപാടി 'ഗ്രാമ യാത്ര' നാളെ രാവിലെ ആറിന് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകളിലേയും ഭവനങ്ങളിൽ എംഎൽഎ എത്തുകയും ജനങ്ങളുമായി നേരിൽ സംവദിക്കുകയും ചെയ്യുന്ന ജനസമ്പർക്ക പരിപാടിയാണ് ഗ്രാമയാത്ര.
രാവിലെ ആറുമണി മുതൽ 11 വരെയാണ് ഓരോ വാർഡിലും ജനങ്ങളെ കാണുവാനായി തിരഞ്ഞെടുത്തിരിക്കുന്ന സമയം. വെങ്ങോല പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ അയ്യൻ ചിറങ്ങരയിൽ കുഞ്ഞിട്ടിക്കുടിയിൽ സണ്ണി തോമസിന്റെ ഭവനത്തിൽ നിന്നാണ് ഭവന സന്ദർശന പരിപാടി ആരംഭിക്കുന്നത്.
ആദ്യത്തെ പത്ത് ദിവസം വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി അടങ്ങിയ വാർഡുകളിലാണ് സന്ദർശനം നടത്തുന്നത്. പെരുമ്പാവൂർ നിയോജകമണ്ഡലത്തിനന്റെ മുഴുവൻ വാർഡുകളിലും 148 ദിവസങ്ങളിലായി നേരിട്ട് ജനങ്ങളോട് സംവദിക്കത്തക്ക വിധമാണ് പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു വാർഡിലെ 100 ഭവനങ്ങളിൽ വീതമാണ് എംഎൽഎ എത്തുന്നത്. വെങ്ങോല പഞ്ചായത്തിലെ അയ്യൻചിറങ്ങര പതിനഞ്ചാം വാർഡിൽ നാളെ രാവിലെ ആറിന് നടക്കുന്ന ഗ്രാമയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അധ്യക്ഷത വഹിക്കും.
വാർഡ് 14 ടാങ്ക് സിറ്റിയിൽ മൂന്നാം തീയതിയും വാർഡ് 16 പെരുമാനിയിൽ നാലിനും വാർഡ് 17 അറക്കപ്പടിയിൽ ആറിനും വാർഡ് 18 പൂമലയിൽ ഏഴിനും വാർഡ് 19 മിനി കവലയിൽ എട്ടിനും വാർഡ് 20 മരോട്ടിച്ചോട് ഒമ്പതിനും വാർഡ് 21 ശാലേമിൽ പത്തിനും വാർഡ് 22 പാലായികുന്നിൽ പതിനൊന്നിനും നടക്കും. വെങ്ങോല പഞ്ചായത്തിലെ അവസാന ദിവസമായ പന്ത്രണ്ടിന് വാർഡ് ഇരുപത്തിമൂന്നിൽ ചുണ്ട മലയിൽ വൈകിട്ട് മൂന്നിനും ഗ്രാമ യാത്രയിലൂടെ ഭവനങ്ങളിൽ എത്തുമെന്ന് എംഎൽഎ അറിയിച്ചു. തുടർന്നുള്ള പഞ്ചായത്തുകളിൽ ഗ്രാമയാത്രയെ സംബന്ധിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.