ശ്രീധരീയം ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണരീതി മനസിലാക്കാൻ ധനമന്ത്രി
1490944
Monday, December 30, 2024 4:45 AM IST
കൂത്താട്ടുകുളം: പൂർണമായും സ്റ്റീൽ സ്ട്രക്ചറിൽ നിർമാണം പൂർത്തീകരിച്ച ശ്രീധരീയം ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണ രീതികൾ നേരിൽ കണ്ട് മനസിലാക്കാൻ മന്ത്രി കെ.എൻ. ബാലഗോപാൽ ശ്രീധരിയത്തിൽ എത്തി. 80,000 സ്ക്വയർ ഫീറ്റിൽ ആറു നിലകളിലായി അത്യാധുനിക രീതിയിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടം പൂർണമായും സ്റ്റീൽ സ്ട്രക്ചറിലാണ് നിർമിക്കുന്നത്. മറ്റൊരു ഫാക്ടറിയിലാണ് കെട്ടിടത്തിന് ആവശ്യമായ പില്ലറുകളും ബീമുകളും നിർമിച്ചത്.
നിർമാണം പൂർത്തീകരിച്ച ഐ സെക്ഷനുകളും സി സെക്ഷനുകളും സ്ഥലത്ത് എത്തിച്ച് യോജിപ്പിക്കുന്നതോടെ കെട്ടിടത്തിന്റെ സ്ട്രക്ചർ വർക്ക് പൂർണമാകും. പിന്നീട് ഡക്ക് ഷീറ്റുകൾ മുകളിൽ ആർസിസി ചെയ്യും. തറയുടെ ജോലികൾ പൂർണമാകുന്നതോടെ ചുമരുകളുടെ നിർമാണം ആരംഭിക്കും.
ചുമരുകളുടെ നിർമാണരീതിയും ഏറെ വ്യത്യസ്തമാണ്. ഇപിഎസ് പാനൽ ടെക്നോളജിയിൽ തെർമോക്കോൾ ഷീറ്റുകൾക്ക് മുകളിൽ ഇരുന്പ് നെറ്റുകൾ കൊണ്ട് കവചം തീർത്ത ശേഷം കോണ്ക്രീറ്റ് സ്പ്രേ ചെയ്ത് ബലപ്പെടുത്തുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
തെർമൽ ക്രാക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് പുറമേ മുറിയിലെ താപനില കുറയ്ക്കുന്നതിനും ഇതു സഹായിക്കും. പുതിയ നിർമാണ രീതികൾ നേരിൽകണ്ട് മനസിലാക്കാനും കേരളത്തിലെ കെട്ടിട നിർമാണ രംഗത്ത് ഇവ പരീക്ഷിക്കാൻ കഴിയുമോയെന്ന് പഠിക്കാനുമാണ് മന്ത്രി എത്തിയത്.