വാളകം പഞ്ചായത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു
1490941
Monday, December 30, 2024 4:45 AM IST
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു. പേഴയ്ക്കാപ്പിള്ളി സബ്സ്റ്റേഷനിൽ നിന്നുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിലവിൽ വൈദ്യുതി വിതരണം നടന്നിരുന്നത്. പലഭാഗത്തും വോൾട്ടേജ് ക്ഷാമവും മറ്റ് വൈദ്യുതി മുടക്കങ്ങളും നിരന്തരമായി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാറാടി സ്റ്റേഷനിൽ നിന്നും ഇവിടേക്ക് വൈദ്യുതി എത്തിച്ച് പരിഹാരം കാണുന്ന പ്രവർത്തനം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ എട്ടാം വാർഡായ റാക്കാട് ഭാഗത്തുള്ള ട്രാൻസ്ഫോർമറിലേക്കാണ് വൈദ്യുതി എത്തിച്ചത്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണവും ആരംഭിച്ചു. 38 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിയത്. മാറാടി സബ്സ്റ്റേഷൻ പരിധിയിൽ ഉപഭോക്താക്കൾ കുറവുള്ളതും വാളകം ഭാഗത്തേക്ക് വൈദ്യുതി വിതരണം അനുവദിക്കുന്നതിന് കാരണമായി. റാക്കാട് ചെക്ക് ഡാമിന് മുകളിലൂടെ കേബിൾ വലിച്ചാണ് ഇവിടേക്ക് വൈദ്യുതി എത്തിച്ചത്. വാർഡംഗം പി.കെ. റെജി, കെഎസ്ഇബി ഉദ്യോഗസ്ഥർ ഇവരുടെ ഇടപെടലുകളും സഹായകമായി.