തുരുത്തി തോട്ടിൽ വൻതോതിൽ മാലിന്യം തള്ളുന്നു
1490947
Monday, December 30, 2024 4:45 AM IST
ആലുവ: പെരിയാന്റെ കൈവഴികളിൽ ഒന്നായ കീഴ്മാട് തുരുത്തിതോട്ടിൽ വൻതോതിൽ മാലിന്യം തള്ളുന്നതായി പരാതി. കല്യാണ സീസൺ ആരംഭിച്ചതോടെ അവധി ദിവസങ്ങളിൽ ഭക്ഷണ മാലിന്യം നിക്ഷേപിക്കുന്നതും വർധിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ തോട്ടുമുഖത്തിലൂടെ പെരിയാറിലാണ് തുരുത്തിത്തോട് വന്നുചേരുന്നത്.
പെരിയാറിലേയ്ക്കുള്ള നീരൊഴുക്ക് സുഗമമാക്കാൻ തുരുത്തി തോടിന് മറ്റും സംരക്ഷണഭിത്തി നിർമിക്കുമെന്ന് വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും പദ്ധതി പാതിവഴിയിൽ നിലച്ചു.
കീഴ്മാട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ തുരുത്തിതോട് അഴുക്കുചാലായി മാറുകയാണെന്ന് പ്രദേശവാസി സി.കെ. സുബ്രഹ്മണ്യൻ പറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതോടെ മാലിന്യം തള്ളാനുള്ള സ്ഥലമായി ഈ ജലസ്രോതസ് മാറിയെന്നും തോട് മലിനമാക്കുന്നവർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പെരിയാറുമായി ചേരുന്നതിനാൽ ഇവിടെ തള്ളുന്ന അഴുകിയ ഭക്ഷണാവശിഷ്ടങ്ങൾ പെരിയാറിൽ ചെന്നു ചേരാനും സാധ്യതയുണ്ട്.
അതിനാൽ തന്നെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും പരിസ്ഥിതി വാദികളും ആവശ്യപ്പെടുന്നു.